മധുരരാജയ്ക്കു മുന്‍പെ യാത്രയും പേരന്‍പും!മമ്മൂട്ടി ചിത്രങ്ങളുടെ വിതരണാവകാശം ആന്റോ ജോസഫിന്
മമ്മൂട്ടി അഭിനയിച്ച അന്യഭാഷാ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴിലും തെലുങ്കിലുമായി അഭിനയിച്ച ചിത്രങ്ങളായിരുന്നു പേരന്‍പും യാത്രയും. രണ്ട് സിനിമകളുടെയും വിശേഷങ്ങള്‍ അറിഞ്ഞതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മാസ് ചിത്രങ്ങളല്ലെങ്കിലും മമ്മൂക്കയുടെ വിസ്മയ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.
രണ്ട് സിനിമകളും ഏകദേശം ഒരേ സമയമാണ് റിലീസ് ചെയ്യുന്നത്. ഇതില്‍ പേരന്‍പ് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തുന്നതിനു മുന്‍പായി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

പേരന്‍പ് എന്ന ചിത്രം
അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് മമ്മൂക്കയുടെ പേരന്‍പ്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേശീയ പുരസ്‌കാര ജേതാവ് റാമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂക്കയുടെയും സാധന എന്ന നടിയുടെയും പ്രകടനമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും പുറത്തിറങ്ങിയതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷ വര്‍ധിച്ചിരുന്നു. പേരന്‍പിലെ മമ്മൂക്കയുടെ വിസ്മയ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്.

ചിത്രത്തിലെ പാട്ടുകളെല്ലാം
അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. വിവിധ ചലച്ചിത്രോത്സവങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് പേരന്‍പ് റിലീസിനെത്തുന്നത്. ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് മുന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

പേരന്‍പിന്റെ കേരള വിതരണാവകാശം
സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. പേരന്‍പിന്റെ കേരള വിതരണാവകാശം ആന്റോ ജോസഫാണ് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയായിരിക്കും മമ്മൂക്കയുടെ പേരന്‍പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുക. ലൈറ്റ് വെയ്റ്റ് ഫിലിംസ് തമിഴ്‌നാട്ടിലും നന്ദിനി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ചിത്രം വിതരണത്തിനെത്തിക്കും, ജിസിസി യില്‍ വേള്‍ഡ് വൈഡ് ഫിലിംസാണ് വിതരണത്തിനെത്തിക്കുക.

യാത്ര എന്ന ചിത്രം
നേരത്തെ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതും ആന്റോ ജോസഫ് ഫിലിം കമ്പനി തന്നെയായിരുന്നു. പേരന്‍പ് പോലെ യാത്രയും വലിയ റിലീസായിട്ടാകും കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുക. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന യാത്ര ഫെബ്രുവരി 8നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.

വൈഎസ്ആറിന്റെ ജീവിതം
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. വൈഎസ് ആറുമായി വലിയ രൂപസാദൃശ്യമില്ലെങ്കിലും കഥാപാത്രത്തെ മമ്മൂക്ക മികച്ചതാക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


Click it and Unblock the Notifications