ആന്റണിയുടെ വാദവും ഒരു ചിന്താവിഷയം
എ ക്ലാസ് തിയേറ്ററുകള്‍ക്കൊപ്പം ബി, സി ക്ലാസ് തിയേറ്ററുകളിലും പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാമെന്ന എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം പരമാവധി മുതലെടുക്കാനാണ് വിതരണ കമ്പനികളുടെ ശ്രമം. എന്നാല്‍ റിലീസിംഗ് കേന്ദ്രങ്ങള്‍ കൂട്ടുന്നത് കളക്ഷന്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്ന വാദത്തോട് നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ യോജിക്കുന്നില്ല.
എത്ര തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്യാമെന്ന എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി എഴുപതിലേറെ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമ്പോള്‍ മറ്റൊരു വിഷുച്ചിത്രമായ മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയം റിലീസ് ചെയ്യുന്നത് പതിവുപോലെ 48 കേന്ദ്രങ്ങളില്‍ മാത്രം. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ഇന്നത്തെ ചിന്താവിഷയം നിര്‍മിച്ച ആന്റണി പെരുമ്പാവൂരിന് കൂടുതല്‍ കേന്ദ്രങ്ങളില്‍ ചിത്രമെത്തിക്കാന്‍ താത്പര്യമില്ല.
48 കേന്ദ്രങ്ങളില്‍ മാത്രം റിലീസ് ചെയ്യുന്നത് റിലീസിംഗ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ദിവസം ചിത്രമോടാന്‍ സഹായിക്കുമെന്നാണ് ആന്റണിയുടെ വാദം. തമിഴ് നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പരമാവധി തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്ന രീതിയാണുള്ളതെങ്കിലും ആ രീതി തന്റെ യജമാനനായ ലാല്‍ സാറിന്റെ ചിത്രത്തിന്റെ കാര്യത്തില്‍ വേണ്ടെന്നാണ് ആന്റണിയുടെ തീരുമാനം.
തമിഴിലെ ഏറ്റവും ജനപ്രിയ നായകനായ രജനീകാന്തിന്റെ ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ റിലീസിംഗ് കേന്ദ്രങ്ങളിലെത്തിച്ച് പരമാവധി കളക്ഷന്‍ കൊയ്യുമ്പോള്‍ ആ രീതി മലയാളത്തില്‍ ഏറ്റവും ജനപ്രിയതയുള്ള മോഹന്‍ലാലിന്റെ ചിത്രത്തിന് ഗുണം ചെയ്യില്ലെന്ന ആന്റണിയുടെ വാദം മലയാള സിനിമാ വ്യവസായത്തെ രംഗത്തുള്ളവരെ തെല്ലൊന്നമ്പരിപ്പിക്കുന്നതാണ്. ആന്റണിയുടെ വാദം മലയാള സിനിമാ രംഗത്തുള്ളവരെ സംബന്ധിച്ച് ഒരു ചിന്താവിഷയം തന്നെ.
ഏപ്രില്‍ 11 വെള്ളിയാഴ്ചയാണ് ഇന്നത്തെ ചിന്താവിഷയം തിയേറ്ററുകളിലെത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications