ദളപതിയുടെ ബിഗില്‍ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രം: അനു സിത്താര
ദളപതി വിജയുടെ ബിഗില്‍ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തരംഗമായി മുന്നേറുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. ഇത്തവണ വനിതാ ഫുട്‌ബോള്‍ പ്രമേയമാക്കികൊണ്ടുളള ചിത്രവുമായിട്ടാണ് വിജയ് എത്തിയത്. ദളപതി ചിത്രത്തെക്കുറിച്ച് നടി അനു സിത്താര സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബിഗില്‍ കണ്ട് ഇഷ്ടപ്പെട്ടതായി അനു സിത്താര തന്റെ പോസ്റ്റില്‍ പറയുന്നു.

സിനിമയുടെ ആത്മാവ് രണ്ടാം പകുതിയിലാണെന്നും എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാവുന്ന ചിത്രമാണ് ബിഗിലെന്നും നടി കുറിച്ചു. എല്ലാ വനിതകള്‍ക്കുമായാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ട സംവിധായകന്‍ അറ്റ്‌ലീയ്ക്കും വിജയ് സാറിനും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും അഭിനന്ദനങ്ങള്‍. ജീവിതത്തില്‍ വിജയിച്ച എല്ലാ സ്ത്രീകള്‍ക്കു പിന്നിലും ഒരു പുരുഷനുണ്ടെന്നാണ് സിനിമ പറയുന്നത്. പ്രത്യേകിച്ച് വിവാഹം കഴിച്ച ഒരാളുടെ വിജയത്തിന് പിന്നില്‍ അവളുടെ ഭര്‍ത്താവുണ്ടാകുമെന്ന്. ഭര്‍ത്താവ് വിഷ്ണു പ്രസാദിനെ ടാഗ് ചെയ്തുകൊണ്ട് അനു സിത്താര കുറിച്ചു. സിനിമയില്‍ അഭിനയിച്ച റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, ഇന്ദ്രജ ശങ്കര്‍ തുടങ്ങി മറ്റു താരങ്ങളെയും നടി തന്റെ പോസ്റ്റില്‍ അഭിനന്ദിക്കുന്നുണ്ട്.
അതേസമയം വിജയ് ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ബിഗിലിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ബിഗിലും ഹിറ്റായതോടെ ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ട്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



Click it and Unblock the Notifications