നയനയില്‍ ബോളിവുഡ്താരം അനുപം ഖേര്‍
കൊച്ചി: ബ്ലസ്സിയുടെ പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച ബോളിവുഡ് താരം അനുപം ഖേര്‍ ഒരിക്കല്‍ക്കൂടി മലയാള സിനിമയില്‍ മുഴുനീള കഥാപാത്രവുമായെത്തുന്നു. കെ.എന്‍. ശശിധരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നയന'യില്‍ ആണ് റിട്ട. ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ അനുപം ഖേര്‍ അഭിനയിക്കുന്നത്.
ഭാര്യയും മകനും നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ കമല്‍ സ്വരൂപ് എന്ന റിട്ട. ഐഎഎസ് ഓഫീസറും നയനയെന്ന കുഞ്ഞു പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് നയന എന്ന ചിത്രത്തിന്റെ കാതല്‍. ബേബി അനിഘയാണ് കേന്ദ്രകഥാപാത്രമായ നയനയെ അവതരിപ്പിക്കുന്നത്.

സിദ്ധിക്ക്, ശ്രീരാമന്‍, പ്രകാശ് ബാരെ, ജഗദീഷ്, മുകില്‍, സേതു അറുങ്ങോട്ടുകര, അനീഷ് ഖനി, സാജു കൊടിയന്‍, ഋതു, വിമല്‍കുമാര്‍, ഡോക്ടര്‍ സത്യജിത്ത്, കല്പന, മങ്ക മഹേഷ്, രഞ്ജിനി മിയ, സ്വര്‍ണ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ജി. ജയന്‍, റെജി പ്രസാദ് എന്നിവരാണ് ഛായാഗ്രഹണം. ജാസി ഗിഫ്റ്റ്, ചിത്ര എന്നിവര്‍ പാടിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് മോഹന്‍ സിതാരയാണ്.


Click it and Unblock the Notifications











