ബാഗ്മതിക്ക് പിന്നാലെ സസ്‌പെന്‍സ് ത്രില്ലറുമായി അനുഷ്‌ക ഷെട്ടി! പിറന്നാള്‍ ദിനത്തില്‍ നിശബ്ദം ടീസര്‍
നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുഷ്‌ക ഷെട്ടി. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള വേഷങ്ങളും ചെയ്തുകൊണ്ടായിരുന്നു നടി സിനിമയില്‍ തിളങ്ങിയിരുന്നത്. ബാഹുബലി സീരീസിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌ക ഷെട്ടിയുടെ താരമൂല്യം ഒന്നുകൂടി വര്‍ധിച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.
ആദ്യ ഭാഗത്തിനേക്കാള്‍ രണ്ടാം ഭാഗത്തിലായിരുന്നു നടി കൂടുതല്‍ തിളങ്ങിയത്. ബാഹുബലി സീരിസിന് പിന്നാലെ ബാഗ്മതി എന്ന ചിത്രവും നടിയുടെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സൈര നരസിംഹ റെഡ്ഡിയിലും ഒരു ചെറിയ റോളില്‍ അനുഷ്ക ഷെട്ടി അഭിനയിച്ചു.

ത്രില്ലര്‍ ചിത്രമായ നിശബ്ദമാണ് അനുഷ്‌കയുടെതായി വരാനിരിക്കുന്ന പുതിയ സിനിമ. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആര്‍ മാധവനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. മൂകയായ ആര്‍ട്ടിസ്റ്റായി അനുഷ്‌ക ഷെട്ടി നിശബ്ദത്തില്‍ എത്തുന്നു.

സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ ഹേമന്ദ് മധുക്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അനുഷ്‌ക ഷെട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നിശബ്ദത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നത്.

തെലുങ്ക് പതിപ്പിനൊപ്പം തന്നെ സിനിമ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. തെലുങ്കിനൊപ്പം തന്നെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അനുഷ്‌ക ഷെട്ടി. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ബാഹുബലി സീരിസ് കേരളത്തില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

കൂടാതെ നടിയുടെതായി പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ബാഗ്മതിയും ഹിറ്റായി മാറി. 2005ലാണ് അനുഷ്‌ക ഷെട്ടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടിയുടെതായി വിവിധ ഇന്‍ഡസ്ട്രികളില്‍ പുറത്തിറങ്ങിയിരുന്നു. രുദ്രമാദേവി, അരുന്ധതി, വേദം, ദൈവ തിരുമകള്‍, വിക്രമാകുഡു തുടങ്ങിയ ചിത്രങ്ങള്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളാണ്.


Click it and Unblock the Notifications











