റൊമാന്റിക് ഡ്രാമ ചിത്രവുമായി അപ്പാനി ശരത്! സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍
അങ്കമാലി ഡയറീസിലൂടെ മലയാളി മനസ്സുകള്‍ കീഴടക്കിയ ശരത് കുമാര്‍ എന്ന അപ്പാനി ശരത് വീണ്ടും നായകനാകുന്നു. നവാഗതരായ മണികണ്ഠന്‍ വിഷ്ണുലോകം - മഹേഷ് മധു തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ റൊമാന്റിക് ഡ്രാമ ചിത്രം ഒരുക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളെ പറ്റിയുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടില്ല. അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. അപ്പാനി ശരത് ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രമേയവും ആക്ഷനും റൊമാന്‍സുമെല്ലാം ചിത്രത്തിലുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അപ്പാനി ശരത്. സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. അങ്കമാലി ഡയറീസിനു ശേഷമായിരുന്നു നടന് സിനിമയില്‍ തിരക്കേറിയത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.
തുടര്‍ന്ന് ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി. പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളിലും അഭിനയിച്ച ശരത് മണിരത്‌നത്തിന്‌റെ ചെക്കാ ചിവന്ത വാനത്തിലൂടെ തമിഴിലും അരങ്ങേറി. കോണ്ടസയിലൂടെ നായക നിരയിലേക്ക് ഉയര്‍ന്ന ശരത്തിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രം ലവ് എഫ് എം ആണ്. ടിറ്റോ വില്‍സണ്‍, മാളവിക മോഹന്‍, ജാനകി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. നടനും മിമിക്രി താരവുമായ സാജു കൊടിയന്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ലവ് എഫമ്മിനുണ്ട്.
തമിഴ്‌നാടിനെ ഒരുകാലത്ത് വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതം വെബ് സീരീസായപ്പോള്‍ അപ്പാനി ശരതാണ് ഓട്ടോ ശങ്കറായി എത്തിയത്. അങ്കമാലി ഡയറീസിലെ അഭിനയമാണ് സീരീസിലേക്കെത്തിച്ചത്. എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയില്‍ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഈ സീരീസ് പറയുന്നത്.


Click it and Unblock the Notifications











