ലൂസിഫറില്‍ വിവേക് ഒബ്‌റോയി തിളങ്ങി! മോഹന്‍ലാലിനൊപ്പം ഇനി അര്‍ബാസ് ഖാന്‍! ബിഗ് ബ്രദറിലൂടെ തുടക്കം?
പൂര്‍വ്വാധികം ശക്തിയോടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ സകലമാന റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകനെന്ന നിലയില്‍ എല്ലാവരും കാണാനാഗ്രഹിക്കുന്ന സിനിമയുമായാണ് തന്റെ വരവെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ലൂസിഫറിന് പിന്നാലെ പുതിയ സിനിമയായ ഇട്ടിമാണിയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. പുത്തന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ ബിഗ് ബ്രദറിനെക്കുറിച്ചുള്ള സുപ്രധാന വിവരം പുറത്തുവന്നിട്ടുള്ളത്.
സംവിധാനം മാത്രമല്ല തിരക്കഥയും നിര്‍മ്മാണവുമൊക്കെ സിദ്ദിഖ് തന്നെയാണ് നിര്‍വഹിക്കുന്നത്. വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. 25 കോടിയോളം രൂപയാണ് ചിത്രത്തിനായി മുടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോളിവുഡിലെ മുന്‍നിര താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സല്‍മാന്റെ ഇളയ സഹോദരനായ അര്‍ബാസ് ഖാന്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നോര്‍ത്ത് ഇന്ത്യക്കാരനായ ഐസിഎസ് ഓഫീസര്‍ വേദാന്തം എന്ന കഥാപാത്രമായാണ് അര്‍ബാസ് ഖാന്റെ വരവെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ലൂസിഫറിലെ വില്ലനായി വിവേക് ഒബ്‌റോയ് തിളങ്ങിയിരുന്നു. മനോഹരമായ വില്ലത്തരത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം മറ്റൊരു ബോളിവുഡ് താരം മത്സരിച്ച് അഭിനയിക്കാനെത്തുകയാണ്. വിവേകിനെപ്പോലെ തന്നെ കൈയ്യടി നേടാന്‍ അര്‍ബാസിനും കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജൂണ്‍ 20നാണ് ബിഗ് ബ്രദര്‍ ചിത്രീകരണം തുടങ്ങുന്നത്.


Click it and Unblock the Notifications











