തണ്ണീര്‍മത്തന്‍ ടീമിന്‌റെ സൂപ്പര്‍ ശരണ്യ! അനശ്വരയും അര്‍ജുനും ഒന്നിക്കുന്ന ചിത്രത്തിന്‌റെ പോസ്റ്റര്‍
തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വലിയ വിജയത്തിന് പിന്നാലെ പുതിയ ചിത്രവുമായി സംവിധായകന്‍ ഗിരീഷ് എഡി. സൂപ്പര്‍ ശരണ്യ എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനായിരുന്നു സിനിമയുടെ പോസ്റ്ററുകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. അര്‍ജുന്‍ അശോകന്‍ നായകനാവുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ നായികയാവുന്നു. ഇരുവരുടെയും ചിത്രങ്ങളാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററായി സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്.

ഗിരീഷ് എഡി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ഗിരീഷിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണം. സജിത്ത് പുരുഷനാണ് സൂപ്പര്‍ ശരണ്യയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആകാശ് വര്‍ഗീസ് എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതസംവിധാനവും ചെയ്യുന്നു. സിനിമയിലെ മറ്റു താരങ്ങളെ സംബന്ധിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലെ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറാണ് ഇത്തവണയും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ എല്ലായിടത്തും തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ മാത്യൂ തോമസിന്റെ ജോഡിയായി മികച്ച പ്രകടനമാണ് അനശ്വരയും കാഴ്ചവെച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കീര്‍ത്തി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
2 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച് 50 കോടിയിലധികമാണ് സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയുടെ ആദ്യ സിനിമ കൂടിയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയമായി മാറുകയായിരുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
പസ്ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും സംഘര്‍ഷങ്ങളുമെല്ലാമാണ് ചിത്രം പ്രമേയമാക്കിയത്. തണ്ണീര്‍മത്തനിലൂടെ അരങ്ങേറിയ പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടത്തിയത്. സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തിലെ പാട്ടുകളും വലിയ തരംഗമായി മാറിയിരുന്നു. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഗംഭീര വരവേല്‍പ്പാണ് സിനിമയ്ക്ക് എല്ലായിടത്തും ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ചിത്രം.


Click it and Unblock the Notifications