അരുണ്‍ കുമാറിന്റെ മൈസൂരില്‍ നായകന്‍ ഫഹദ്
അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തതകൊണ്ടും രാഷ്ട്രീയ വിവാദങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മുരളി ഗോപിയുടെ തിരക്കഥയില്‍ യുവസംവിധായകനായ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം ഒരുക്കിയത്. രാഷ്ട്രീയനിലപാടുകളുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നുവെങ്കിലും, ഒരു മികച്ച കലാസൃഷ്ടിയെന്ന പേരില്‍ ഏറെ പ്രശംസയും ഈ ചിത്രം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ അരുണ്‍ കുമാര്‍ അരവിന്ദ് പുതിയ ചിത്രം തുടങ്ങാനൊരുങ്ങുകയാണ്. മൈസൂര്‍ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇത്തവണയും മുരളി ഗോപിയുടെ സ്‌ക്രിപ്റ്റ് തന്നെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്നത്. ഇതൊരു മികച്ച ത്രില്ലറായിരിക്കുമെന്ന് അരുണ്‍ ഉറപ്പ് നല്‍കുന്നു.

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് അരുണിന്റെ കോക്ടെയിലിലും ഫഹദ് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിനിടെ അരുണ്‍ ആദ്യമായി നിര്‍മ്മിക്കുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഇതിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖ സംവിധായകനായ ശംഭു പുരോഷോത്തമനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











