ആന്റിക്രൈസ്റ്റില്‍ പൃഥ്വിയും ആര്യയും ഇന്ദ്രനുമില്ല
സംവിധായകനറിയാതെ ഒരു സിനിമയെ കുറിച്ച എന്തൊക്കെ കെട്ടുകഥകളാണ് മെനയുന്നത്. ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത പ്രൊജക്ടിനെ കുറിച്ചാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒടുവില്‍ ഗതികെട്ട് രംഗത്തിറങ്ങിയ സംവിധായകന്‍ എല്ലാം നിഷേധിച്ചു. തന്റെ ചിത്രത്തില്‍ നായകന്മാരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്നു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ പിന്നീട് കേട്ടു ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന്. പകരം തമിഴ് താരം ആര്യ എത്തുന്നുവെന്നും. ഇതും തെറ്റാണെന്നാണ് സംവിധായകന്‍ പറയുന്നത്. എന്റെ ചിത്രത്തില്‍ പൃഥ്വിരാജോ ഇന്ദ്രജിത്തോ ഫഹദ് ഫാസിലോ ആര്യയോ ഇല്ലെന്ന് ലിജോ ജോസഫ് പെല്ലിശ്ശേരി വ്യക്തമാക്കി.

ആരാണ് ഇത്തരത്തലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. ആന്റിക്രൈസ്റ്റ് എന്ന പേരില്‍ ഒരു ചിത്രം താന്‍ സംവിധാനം ചെയ്യുന്നുണ്ട്. പക്ഷെ അതിലെ താരങ്ങളെ നശ്ചയിച്ചിട്ടില്ല. പലരെയും സമീപിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ചിത്രീകരണം അടുത്തു വരുമ്പോഴേക്കും അഭിനേതാക്കളെ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ത്രില്ലര്‍ സിനിമ തന്നെയാണ് ആന്റിക്രൈസ്റ്റ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജാണ് ചിത്രം നിര്‍മിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് പിഎഫ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











