ആര്യയ്ക്കും വിവാഹം, വധു ആരാണെന്ന് അറിയേണ്ടേ...?
ആര്യയും വിശാലും അടുത്ത സുഹൃത്തുക്കളാണ്. നടികര്‍ സംഘത്തിന് ഒരു കെട്ടിടം ഉണ്ടായാല്‍ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ എന്ന് വിശാല്‍ പറഞ്ഞപ്പോള്‍, വിശാലിന്റെ വിവാഹം കഴിഞ്ഞാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു ആര്യയുടെ പ്രതികരണം.
ഒടുവില്‍ കഴിഞ്ഞ ആഴ്ച വിശാലിന്റെ വിവാഹം നടന്റെ അച്ഛന്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ആര്യയുടെ വിവാഹ വാര്‍ത്തകളും പുറത്തുവന്നിരിയ്ക്കുന്നു. നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് കേള്‍ക്കുന്നത്.

ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നത്രെ ആര്യയും സയ്യേഷയും. ആ സൗഹൃദം പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും മാറുകയാണെന്നാണ് ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും വാര്‍ത്തകളില്‍ പറയുന്നു.
ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. കാപ്പാന്‍ എന്ന ചിത്രത്തിലൂടെ പിരിയാന്‍ കഴിയാത്ത വിധം അടുത്തു. ചിത്രത്തിന്റെ ചിത്രീകരണത്തിനായ വിദേശത്ത് പോയപ്പോള്‍ സയ്യേഷയുടെ അമ്മയ്ക്കും ആര്യയെ ബോധിച്ചു. അതോടെ വിവാഹക്കാര്യങ്ങള്‍ എളുപ്പത്തില്‍ നീങ്ങുകയായിരുന്നുവത്രെ.


Click it and Unblock the Notifications