ആശ ശരത്തിന് പൊലീസിനെ പേടി !
കുങ്കുമപ്പൂവ് എന്ന ടിവി പരമ്പരയിലൂടെ താരമായി മാറിയ നര്‍ത്തി ആശ ശരത് സന്തോഷത്തിലാണ്. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിന്റെ വിജയം തന്നെയാണ് ഈ സന്തോഷത്തിന് പിന്നില്‍. നര്‍ത്തകിയായി, മിനിസ്‌ക്രീന്‍ താരമായി ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും താന്‍ സ്വീകരിക്കപ്പെടുന്നുണ്ടെന്നുള്ള കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ആശ പറയുന്നത്.
ഇതിന് മുമ്പ് ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആശയുടെ വേഷത്തിന് ഇത്രയേറെ കയ്യടി കിട്ടുന്നത് ഇതാദ്യമാണ്. ദൃശ്യമാണ് ആ ഭാഗ്യംത്തിന് കാരണം. ചിത്രത്തില്‍ ഐജി ഗീത പ്രഭാകറുടെ റോളിലാണ് ആശ അഭിനയിച്ചത്. വഴിപിഴച്ച മകനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അമ്മകൂടിയാണ് ആശയുടെ ഐജി. മകന്‍ നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിലും വേദനയിലും അതിന്റെ യാഥാര്‍ത്ഥ്യംകണ്ടെത്താനായി അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എല്ലാ വഴികളും നോക്കുന്നുണ്ട് കഥാപാത്രം. വളരെ മികച്ച രീതിയിലാണ് ആശ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോഡി ലാംഗ്വേജില്‍ പോലും ഒരു ഉന്നതയായ പൊലീസ് ഉദ്യോഗസ്ഥയുടെ ഗൗരവവും ഭാവങ്ങളും വരുത്താന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ഐജി വേഷം ക്ലിക്കായെന്ന സന്തോഷത്തിനിടയിലും ആശ പറയുന്നത് മറ്റൊരു തമാശയാണ്. ഐജിയായി അഭിനയിച്ചെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ തനിയ്ക്ക് പൊലീസിനെ പേടിയാണെന്നാണ് ആശ പറയുന്നത്. പന്ത്രണ്ടുവര്‍ഷത്തളമായി ദുബയില്‍ ജീവിയ്ക്കുകയാണെങ്കിലും അവിടെ തനിച്ച് ഡ്രൈവ് ചെയ്യാന്‍ പോലും പേടിയാണെന്നും ആശ പറയുന്നു.
ജീത്തു ജോസഫ് ദൃശ്യത്തിലെ ഐജി വേഷം വച്ചുനീട്ടിയപ്പോള്‍ താനാദ്യം പകച്ചുപോയെന്നാണ് താരം പറയുന്നത്. പിന്നീട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രോത്സാഹനം കൊണ്ടാണ് താനാവേഷം ചെയ്തതെന്നും ചിത്രീകരണത്തിനിടെ കൂടെയുള്ള പോലീസ് വേഷമിട്ടവരെ കാണുന്നതുപോലും തനിയ്ക്ക് പേടിയായിരുന്നുവെന്നും ആശ പറയുന്നു.
ഇപ്പോള്‍ കൂടുതല്‍ വേഷങ്ങള്‍തന്നെത്തേടി എത്തുന്നുണ്ടെന്നും എല്ലാം ഭര്‍ത്താവുമായി ആലോചിച്ച് തീരുമാനിയ്ക്കുമെന്നും ആശ പറയുന്നു. കലാമണ്ഡലം സുമതിയുടെ മകളായ ആശ, ദുബയില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.


Click it and Unblock the Notifications