അഞ്ജലി മേനോനെ പ്രശംസിച്ച് ആഷിക്കും റിമയും
അഞ്ജലി മേനോന്റെ പുതിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ് ആണ് ചലച്ചിത്രചര്‍ച്ചാവേദികളിലെ താരം. എല്ലായിടത്തും ബാംഗ്ലൂര്‍ ഡെയ്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിയ്ക്കുകയാണ്. നല്ല അഭിപ്രായം നേടിക്കഴിഞ്ഞു ഈ ചിത്രം. യുവതാരനിരയില്‍ ആരും തന്നെ നിരാശപ്പെടുത്താത്ത കഥയും ആഘോഷവും നിറങ്ങളും സംഗീതവുമെല്ലാമുള്ള ചിത്രം എന്നുതന്നെ ബാംഗ്ലൂര്‍ ഡെയ്‌സിനെ വിശേഷിപ്പിക്കാം.
സിനിമാക്കാരില്‍ത്തന്നെ പലരും ഇതിനകം ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ആരാധകരായിക്കഴിഞ്ഞു. ഇക്കൂട്ടത്തിലാണ് റിമ കല്ലിങ്കലും ആഷിക് അബുവുമെല്ലാം. ചിത്രം കാണാന്‍ മാത്രമല്ല, അതിനെക്കുറിച്ച് പ്രശംസിച്ച് പറയാനും റിമയും ആഷിക്കും തയ്യാറായിട്ടുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ആഷിക്കും റിമയും അഞ്ജലി മേനോനെ പ്രശംസിച്ചിരിക്കുന്നത്.

റിലീസ് ചെയ്തതിന്റെ രണ്ടാം ദിനത്തില്‍ത്തന്നെ രണ്ടുപേരും ചിത്രം കണ്ടു. ബാംഗ്ലൂര്‍ ഡെയ്‌സ് ഇഷ്ടമായി, മികച്ച ചിത്രം, ദുല്‍ഖറിനും ഫഹദിനും നിവിനും നസ്രിയയ്ക്കും പാര്‍വ്വതിയ്ക്കും അഭിനന്ദനങ്ങള്‍-എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
ഫീല്‍ ഗുഡ് സിനിമ എന്നാണ് റിമ ബാംഗ്ലൂര്‍ ഡെയ്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കണ്ടവരോടെല്ലാം അഭിപ്രായം ചോദിച്ചിരിക്കുന്ന റിമ തിയേറ്ററില്‍ പോയി ചിത്രത്തില്‍ അലിഞ്ഞുചേരാനാണ് പറയുന്നത്. ഫണ്‍ പായ്ക്ക്ഡ് മൂവിയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്നും ഫേസ്ബുക്കില്‍ റിമ പറയുന്നു.


Click it and Unblock the Notifications