യുവത്വത്തിന്റെ ആഘോഷവുമായി ആസിഫ് അലി ചിത്രം ബിടെക്കിലെ പുതിയ പാട്ട്! വീഡിയോ കാണാം
യുവതാരം ആസിഫ് അലിയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിതമാണ് ബിടെക്ക്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മെയ് അഞ്ചിന് പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ബിടെക്കില്‍ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ബാംഗ്ലൂരില്‍ പഠിക്കുന്ന ബിടെക്ക് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ക്യാംപസ് പശ്ചാത്തലത്തിലുളള ഒരു ചിത്രമെന്നതിലുപരി സാമൂഹിക പ്രാധാന്യമുളള ഒരു വിഷയവും ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളാണ് ബിടെക്കില്‍ അഭിനയിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി ,അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, ദീപക് പറമ്പേല്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബിടെക്കില്‍ നടന്‍ അനൂപ് മേനോനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ബിടെക്കിന്റെ ട്രെയിലറില്‍ താരങ്ങളെല്ലാം തന്നെ തിളങ്ങിയിരുന്നു. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിടെക്കിലെ 'പകലുകള്‍ പാഞ്ഞേ' എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, ജ്യോല്‍സന,കാവ്യ അജിത്ത് തുടങ്ങിവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിനയ് ഗോവിന്ദും വിനായക് ശശികുമാറും എഴുതിയ വരികള്‍ക്ക് രാഹുല്‍ രാജാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











