'തിയ്യേറ്ററുകളിലെ കൈയ്യടികളാണ് ഞങ്ങള്‍ സ്വപ്‌നം കണ്ടത്'! കുഞ്ഞെല്‍ദോ ഒടിടി റിലീസിനില്ല
കൊവിഡ് 19 വ്യാപനത്തിനിടെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമാണ് കൊറോണ കാരണം മാറ്റിവെച്ചത്. ലോക് ഡൗണ്‍ വീണ്ടും നീട്ടിയതോടെ സിനിമ പ്രവര്‍ത്തകരും ദുരിതത്തിലായിരുന്നു. സിനിമാ മേഖലയിലെ ദിവസവേതനക്കാരെയാണ് ലോക്ഡൗണ്‍ കൂടുതലായി ബാധിച്ചത്. തിയ്യേറ്ററുകള്‍ തുറക്കാന്‍ ഇനിയും സമയമെടുക്കും എന്നിരിക്കെ അണിയറക്കാര്‍ തങ്ങളുടെ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യാനുളള തയ്യാറെടുപ്പുകളിലാണ്.

നേരത്തെ നിരവധി സിനിമകളുടെ റിലീസ് ആമസോണ്‍ പ്രൈം വഴി അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ജയസൂര്യയുടെ സൂഫിയും സുജാതയുമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ റിലീസിങ്ങിനൊരുങ്ങുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയുടെ നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.
കുഞ്ഞെല്‍ദോ നിര്‍മ്മിക്കുന്ന ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളാണ് ഡിജിറ്റില്‍ റിലീസിനെക്കുറിച്ച് പ്രതികരിച്ചത്. തങ്ങളുടെ പുതിയ ചിത്രമായ കുഞ്ഞെല്‍ദോ ഓണ്‍ലൈനായി റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ മാനേജിങ്ങ് ഡയറക്ടറായ സുവിന്‍ കെ വര്‍ക്കി. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് ഇവര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു.
"കുഞ്ഞെല്‍ദോ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നില്‍പ്പിന്റെ കഥയാണ്. എല്ലാ നഷ്ടപ്പെട്ടവന്‍ ജീവിതം തിരിച്ച് പിടിച്ച കഥ. തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ കാണുമ്പോള്‍ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങള്‍ സ്വപ്‌നം കണ്ടത്. സിനിമ സ്വപ്‌നം കാണുന്നവന്റെയാണ്. കുഞ്ഞെല്‍ദോ ഡയറക്ട് ഒടിടി റിലീസ് ഇല്ല. തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും", നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. ആര്‍ജെ മാത്തുക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനാണ് കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പുതുമുഖ താരം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications