ഭാവനയും ആസിഫും എന്നെ ഒരുപാട് സഹായിച്ചു: അര്‍ച്ചന
മോഡല്‍ രംഗത്തു നിന്നും ഒരാള്‍ കൂടെ മലയാള സിനിമയില്‍ നായികയായെത്തുകയാണ്. ഈ നടി തെന്നിന്ത്യക്കാരിയല്ല. മലയാളിയാണെങ്കിലും മലയാളം അറിയുകയുമില്ല. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ജയകൃഷ്ണന്‍ എന്ന മോഡല്‍ മലയാള സിനിമയിലെത്തുന്നത്.
ഭാവനയും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് അര്‍ച്ചനയും അവതരിപ്പിയ്ക്കുന്നത്. ടൈറ്റില്‍ റോളിലെത്തുന്ന ആസിഫ് അലിയുടെ സഹപ്രവര്‍ത്തകയാണ് അര്‍ച്ചന അവതരിപ്പിയ്ക്കുന്ന നേഹ പാണ്ഡേ എന്ന കഥാപാത്രം.

ഒരു നോര്‍ത്ത് ഇന്ത്യക്കാരിയുടെ വേഷമാണ് അര്‍ച്ചനയ്ക്ക്. അതുകൊണ്ട് തന്നെ മലയാളം സംസാരിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. ഹിന്ദിയിലും ഇംഗ്ലിലുമാണ് അര്‍ച്ചനയുടെ സംഭാഷണങ്ങള്‍. എന്നിരിക്കിലും ഒരു തുടക്കകാരിയായ തന്നെ ആസിഫ് അലിയും ഭാവനയും ഒരുപാട് സഹായിച്ചു എന്ന് അര്‍ച്ചന പറയുന്നു.
കാനഡയിലാണ് അര്‍ച്ചന ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ ബാംഗ്ലൂരിലാണ് താമസം. അതുകൊണ്ട് തന്നെ മലയാളം നല്ല രീതിയില്‍ വരില്ല. ആസിഫിനെയും ഭാവനയെയും പോലെ നല്ലൊരു സാഹായാനുഭൂതിയുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അര്‍ച്ചന പറഞ്ഞു.
അതേ സമയം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രമല്ല അര്‍ച്ചനയുടെ ആദ്യ ചിത്രം. ഇതിന് മുമ്പ് വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരം കരാറൊപ്പിട്ടിരുന്നു. ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തു. അപ്പോഴാണ് നായകന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രം വൈകാതെ പുനരാരംഭിയ്ക്കും എന്നാണ് വിശ്വാസം എന്ന് അര്‍ച്ചന പറഞ്ഞു.


Click it and Unblock the Notifications











