കഥ പറയാനുള്ളവര്‍ ലൊക്കേഷനിലേയ്ക്ക് വരൂ: ആസിഫ്
തന്നോട് കഥ പറയണമെന്നുള്ളവര്‍ ലൊക്കേഷനില്‍ എത്തണമെന്ന് യുവതാരം ആസിഫ് അലി. ലൊക്കേഷനുകളിലേയ്ക്ക് താന്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ലെന്നും അതുകൊണ്ടുതന്നെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ലെന്നുമാണ് ആസിഫ് പറയുന്നത്.
കഥ പറയണമെന്നുള്ളവര്‍ ലൊക്കേഷനിലേയ്ക്ക് വരുന്നതാണ് നല്ലത്. ഇപ്പോള്‍ ഒരു ചിത്രം തുടങ്ങിയാല്‍ അത് അവസാനിയ്ക്കുന്നതുവരെ ഞാന്‍ ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അത് എന്റെ വ്യക്തിപരമായ കാര്യമാണ്. കഥപറയാനുള്ളവര്‍ സെറ്റിലെത്തിയാല്‍ കഥ കേള്‍ക്കാന്‍ ഇഷ്ടം പോലെ സമയമുണ്ടാകും. ഒപ്പം ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലൊക്കേഷനില്‍ വച്ച് തീരുമാനിയ്ക്കാനും കഴിയും- ആസിഫ് പറയുന്നു.

താനിപ്പോള്‍ വളരെ സെലക്ടീവാണെന്നും കഥ കേട്ട് ഇഷ്ടമായില്ലെങ്കില്‍ മുതിര്‍ന്ന സംവിധായകരോടാണെങ്കില്‍പ്പോലും അക്കാര്യം തുറന്നു പറയുമെന്നും താരം പറയുന്നു.
മദ്യപിയ്ക്കുകയും പുകവലിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ താനിനി അവതരിപ്പിക്കില്ലെന്ന് വിവാഹശേഷം ആസിഫ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ താരമിപ്പോള്‍ കൂടുതല്‍ സെലക്ടീവ് ആയിരിക്കുകയാണ്.
പകിട, ബൈസിക്കിള്‍ തീവ്‌സ്, മോസയിലെ കുതിരമീനുകള്‍, ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. ടൗണ്‍ ടു ടൗണ്‍, ടു നൂര്‍ വിത്ത് ലവ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ ആസിഫിന്റേതായി വരാന്‍ പോകുന്നുണ്ട്. ഇതില്‍ പകിടയും ബൈസിക്കിള്‍ തീവ്‌സുമായിരിക്കും ആദ്യം റിലീസ് ചെയ്യുക.


Click it and Unblock the Notifications











