ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, ഞാനൊരു മണ്ടിയായി പോയേനെ! അന്ന് നടന്ന സംഭവത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്
ടെലിവിഷന്‍ അവതാരകയില്‍ നിന്നും ചക്കപ്പഴത്തിലെ ആശയായി അഭിനയിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഇതിന് പുറമേ മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കുകയും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുകയും ചെയ്യുകയാണ് അശ്വതി. എന്നാല്‍ തകര്‍ന്ന് പോയ അവസ്ഥകള്‍ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
പഠിക്കുന്ന കാലത്ത് ആത്മഹത്യയ്ക്ക് താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. അന്ന് പൊട്ടബുദ്ധിയ്ക്ക് തോന്നിയതാണെങ്കിലും ആത്മഹത്യശ്രമം പരാജയപ്പെട്ടു. അല്ലായിരുന്നെങ്കില്‍ താന്‍ ശരിക്കുമൊരു മണ്ടിയായി പോയെനേ എന്നാണ് നടി പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അധികമാര്‍ക്കും അറിയാത്ത കഥ അശ്വതി വെളിപ്പെടുത്തിയത്.
ഭര്‍ത്താവ് ശ്രീകാന്തുമായിട്ടുള്ള പ്രണയം വീട്ടില്‍ പിടിച്ചിരുന്നു. അന്ന് അമ്മയ്ക്ക് വാക്ക് കൊടുത്ത് പ്രണയിക്കില്ലെന്ന് പറഞ്ഞെങ്കിലും അത് മറക്കാന്‍ തനിക്ക് സാധിച്ചില്ല. ആരുമറിയാതെ ഞങ്ങള്‍ മുന്നോട്ട് പോയി. എന്നാല്‍ ഒരു ദിവസം എന്റെയൊരു കൂട്ടുകാരി അമ്മയോട് പോയിട്ട് ഞാനത് വിട്ടിട്ടില്ലെന്ന കാര്യം പറഞ്ഞ് കൊടുത്തു. ശ്രീ എനിക്ക് തന്ന സമ്മാനങ്ങളൊക്കെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. അതെന്തിനാ അവളങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ലെന്ന് അശ്വതി പറയുന്നു.

ശരിക്കും അമ്മയ്ക്കതൊരു ഷോക്ക് ആയി പോയി. കാരണം ചെയ്യില്ലെന്ന് സത്യം പറഞ്ഞിട്ട് വീണ്ടും പ്രണയിക്കാന്‍ പോയപ്പോള്‍ അത് അമ്മയെ ചതിച്ചത് പോലെ തോന്നി. അന്നത്തെ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി പ്രണയത്തിലായാല്‍ അത് വലിയ പ്രശ്‌നമാണ്. നാളെ ഒരു കല്യാണം വരാനും മറ്റുമൊക്കെ പ്രശ്‌നമാവും, ഇവള്‍ ഒളിച്ചോടി പോവുമോ എന്നൊക്കെയാണ് എല്ലാവരും ചിന്തിക്കുന്നത്. ആ ടെന്‍ഷന്‍ അമ്മയ്ക്കും ഉണ്ടായിരുന്നു.
അതുകൊണ്ട് ഇളയസഹോദരനും അമ്മയും ചേര്‍ന്ന് എന്നെ വല്ലാതെ വഴക്ക് പറഞ്ഞു. ഇതോടെ ജീവിതം തന്നെ അവസാനിപ്പിക്കാമെന്ന് ചിന്തിച്ച്, ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശരിക്കും പതിനെട്ട് വയസില്‍ ഒളിച്ചോടി കല്യാണ കഴിക്കണമെന്ന ചിന്തയൊന്നും അന്നും എനിക്കില്ല. ഞങ്ങള്‍ രണ്ടാളും അങ്ങനെ കരുതിയിട്ടുമില്ല. കരിയറിനെ കുറിച്ചാണ് അന്നും ചിന്തിച്ചിരുന്നത്. പക്ഷേ പ്രണയമുണ്ടെന്ന് പറയുമ്പോഴെക്കും നമ്മള്‍ മോശക്കാരിയായെന്നാണ് ചിലര്‍ ചിന്തിക്കുന്നത്.
ലവ് മ്യാരേജ് എന്ന് പറയുമ്പോള്‍ ഭയങ്കര പ്രശ്‌നമാണെന്ന് കരുതുന്ന ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. എന്തായാലും കൈയ്യില്‍ കിട്ടിയ കുറച്ച് ഗുളികകള്‍ എടുത്ത് ഞാന്‍ കഴിച്ചു. ഉറക്ക ഗുളിക ഒന്നുമായിരുന്നില്ല. പക്ഷേ അത് ചീറ്റിപ്പോയതോടെ ആകെ നാണക്കേടായി. അച്ഛനോട് കാര്യം പറഞ്ഞെങ്കിലും പ്രണയത്തിന്റെ പേരിലാണെന്നൊന്നും പറഞ്ഞില്ല. കോളേജിലെ ചില പ്രശ്‌നത്തിന് അമ്മ വഴക്ക് പറഞ്ഞത് കൊണ്ട് ചെയ്തതാണെന്ന് മാത്രമേ അച്ഛനോട് പറഞ്ഞുള്ളു.

ഇതിന് ശേഷം കൗണ്‍സിലിങ്ങിന് കൊണ്ട് പോയി. പ്രണയിക്കുന്നതൊക്കെ പാവം ആണെന്ന് പറഞ്ഞുള്ള കൗണ്‍സിലിങ് ആയിരുന്നു. മാതാപിതാക്കളെ വേദനിപ്പിച്ച് പ്രണയിക്കരുത് എന്നൊക്കെയാണ് അന്ന് കൗണ്‍സിലിങ്ങില്‍ പറഞ്ഞത്. ഇക്കാര്യം ശ്രീകാന്തും അറിഞ്ഞെങ്കിലും പുള്ളിയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. ഒടുവില്‍ പ്രണയം തന്നെ മതിയാക്കുന്ന അവസ്ഥയിലേക്ക് താനെത്തി. ശ്രീകാന്തിനെ വിളിച്ച് കാര്യം പറഞ്ഞ് അവിടെ ബന്ധം അവസാനിപ്പിച്ചു.
പിന്നീട് ആ പ്രണയം വീണ്ടും തുടങ്ങിയതിനെ പറ്റിയും അശ്വതി പറയുന്നുണ്ട്. എന്നാല്‍ ഈ കഥ ഇവിടെ പറയാനൊരു കാരണമുണ്ടെന്നും അശ്വതി സൂചിപ്പിച്ചു. അന്ന് ഞാന്‍ മരിച്ച് പോയിരുന്നെങ്കില്‍ എന്തൊരു നഷ്ടമായി പോയെനേ... ശരിക്കും ഞാനൊരു മണ്ടിയാവുമായിരുന്നു.
ഇത്രയും നല്ലൊരു കുടുംബവും രണ്ട് മക്കളും ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളരാനുമൊന്നും സാധിക്കുമായിരുന്നില്ല. ആ പ്രായത്തില്‍ തോന്നുന്നൊരു മണ്ടത്തരം മാത്രമാണത്. അതിനെക്കാളും നല്ലൊരു ജീവിതം മുന്നിലുണ്ടെന്ന് തിരിച്ചറിയാതെയാണ് പലരും ഇതുപോലെ ചെയ്യുന്നതെന്നാണ് അശ്വതി പറയുന്നത്.


Click it and Unblock the Notifications











