പൂരപ്പറമ്പില്‍ ജനറേറ്ററിന് കാവലിരുന്ന പയ്യൻ! മുടിയഴിച്ചിട്ട് അവന്‍ പാടും; സന്നിധാനന്തനെ പറ്റി ഹരി നാരായണന്‍
ഗായകന്‍ സന്നിധാനന്തനെ പരിഹസിച്ച് കൊണ്ട് ഒരു സ്ത്രീ രംഗത്ത് വന്നത് വലിയ രീതിയിലാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഓരോ അമ്മമാരും ആണ്‍കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്ണായിട്ടും തന്നെ വളര്‍ത്തണം. വിധുപ്രതാപിനെയും സന്നിധാനന്തനെയും പോലെ മുടി നീട്ടി കോമാളിയായി ജീവിച്ച് തീര്‍ക്കാനുള്ളതല്ല ജീവിതം... എന്ന് തുടങ്ങി ഗായകന്മാരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുമായിട്ടാണ് ഒരു സ്ത്രീ എത്തിയത്.
മാത്രമല്ല ടോപ് സിംഗറിലെ നന്നായി പാടുന്ന കുട്ടിയെ കണ്ടാല്‍ കണ്‍ഫ്യൂഷനാകും. ഇതൊക്കെ എന്താണ് അവര്‍ക്ക് അമ്മയും അച്ഛനുമൊന്നുമില്ലേ. ഇത്തരം പ്രവൃത്തിയിലൂടെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാര്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. എഴുത്തുകാരന്‍ ബികെ ഹരിനാരായണനും സന്നിധാനന്തന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇന്ന് ഗായകനായി അറിയപ്പെടുന്ന സന്നിധാനന്തനെ കുറിച്ചും അദ്ദേഹത്തിന്റെ മുന്‍ജീവിതത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത കഥകളാണ് ഫേസ്ബുക്കിലൂടെ ഹരിനാരായണന്‍ പങ്കുവെച്ചിരിക്കുന്നത്.
'1994 ആണ് കാലം. പൂരപ്പറമ്പില്‍, ജനറേറ്ററില്‍ ഡീസല്‍ തീര്‍ന്നാലും വെള്ളം തീര്‍ന്നാലും ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന്‍ കാവല്‍ നിര്‍ത്തിയിരിക്കുന്ന പയ്യന്‍. ട്യൂബ് ലൈറ്റുകള്‍ കെട്ടാന്‍ സഹായിച്ച്, രാത്രി മുഴുവന്‍ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും. വേണമെങ്കില്‍ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം.
ഈ ഭീകര ശബ്ദത്തിന്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട അവന്‍ കണ്ണ് മിഴിച്ച് കാതും കൂര്‍പ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും. ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ? ചെലോര് കളിയാക്കും, ചിരിക്കും. ചെലോര് 'പോയേരാ അവിടന്ന്' എന്ന് ആട്ടിപ്പായിക്കും.
അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവന്‍ അവസരം ചോദിച്ചിരിക്കും. നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കലും.

ഒരു ദിവസം ഏതോ സ്‌കൂള്‍ ഗ്രൗണ്ടില്‍ വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത് കുറച്ച് നേരം പാട്ട് കേട്ടിരുന്ന് അവന്‍ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു. 'ചേട്ടാ ഇയ്‌ക്കൊരു പാട്ട് പാടാന്‍ ചാന്‍സ് തര്വോ? അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി. 'വാ ..പാട് '
ആ ഉത്തരം അവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ആവേശത്തില്‍ നേരെ ചെന്ന് ജീവിതത്തില്‍ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു. 'ഇരുമുടി താങ്കീ...' മൊത്തത്തില്‍ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി. ആള്‍ക്കാര് കൂടി കയ്യടിയായി. പാട്ടിന്റെ ആ 'ഇരുമുടി'യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്. കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്.
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവന്‍ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും. ഒപ്പം...' എന്നുമാണി ബികെ ഹരിനാരായണന്‍ പറയുന്നത്.


Click it and Unblock the Notifications











