For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകനും മാടമ്പിയാകുമ്പോള്‍!!!

  By Staff
  |

  മാടമ്പിയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാം. അദ്ദേഹത്തിന്റെ സിനിമ മെഗാഹിറ്റാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇക്കൊല്ലത്തെ മോഹന്‍ലാലിന്റെ ആദ്യമെഗാ ഹിറ്റ് മാടമ്പിയായിരിക്കും. തരക്കേടില്ലാത്ത ചിത്രവുമാണ് മാടമ്പി. എന്നുവെച്ച്...

  മാടമ്പിയെ വിമര്‍ശിക്കുന്നവരൊക്കെ കൂലിയെഴുത്തുകാരും കൂലിക്കു കൂവുന്നവരുമാണെന്ന് സംവിധായകന്‍ അടച്ച് വിലയിരുത്താനിറങ്ങിയാല്‍? മാടമ്പിയെക്കുറിച്ച് മാതൃഭൂമിയില്‍ ചിത്രനിരൂപണമെഴുതിയ കെ കെ അജിത് കുമാറിന്റെ വിമര്‍ശനത്തോടുളള ഉണ്ണികൃഷ്ണന്റെ തട്ടിക്കയറ്റം സൂചിപ്പിക്കുന്നത് വിജയലഹരിയുടെ മദം സംവിധായകന്റെ തലയ്ക്കു പിടിച്ചിട്ടുണ്ടെന്നാണ്.

  സുരേഷ് ഗോപിയെ നായകനാക്കിയെടുത്ത സ്മാര്‍ട്ട് സിറ്റിയെന്ന ചിത്രം എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ കാണാത്ത ശൗര്യവും വീര്യവുമാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ കാണിക്കുന്നത്. അല്‍പന് അര്‍ത്ഥം കിട്ടിയാലെന്നൊരു ചൊല്ല് പണ്ടുളളവര്‍ വെറുതെയങ്ങ് ഉണ്ടാക്കിയതല്ലല്ലോ?

  മാടമ്പിയിലെ നായകന്‍ ഗോപാലകൃഷ്ണപിളള പറയുന്ന ഒരു ഡയലോഗ് നിരൂപകന്‍ ഉദ്ധരിച്ചതാണ് സംവിധായകപ്രമാണിക്ക് തീരെ പിടിക്കാത്തത്. ആ വാചകം ഇങ്ങനെയാണ്. "പണത്തിനു മീതെ പരുന്ത് പറക്കുമോ എന്നെനിക്കറിയില്ല. എന്നാല്‍ എനിക്കു മീതെ ഒരു പരുന്തും പറക്കില്ല. പറന്നാല്‍ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തും.. "

  പലിശക്കാരന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന പരുന്ത് എന്ന ചിത്രവും മാടമ്പിയും ഒരേ കാലത്താണ് ചിത്രീകരണം തുടങ്ങിയത്. ഒരേ മാസത്തില്‍ തന്നെയാണ് റീലിസെന്നും നേരത്തെ ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍, താരാരാധന തലയ്ക്കു പിടിച്ച ഫാന്‍സുകാരെ ആവേശം കൊളളിക്കാന്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ ഇങ്ങനെയൊരു വാചകം ലാലിനെക്കൊണ്ട് പറയിച്ചതിന്റെ ധാര്‍മ്മികതയാണ് അജിത്ത് ചോദ്യം ചെയ്തത്.

  പരുന്തിന്‍കാലില്‍ പോകുമെന്നുളളതു കൊണ്ടാണ് മാടമ്പി നേരത്തെ റിലീസ് ചെയ്യുന്നതെന്നൊരു പരിഹാസം ഇതിനു മറുപടിയായി ഉയരുന്നുണ്ടെന്ന നിരീക്ഷണവും കൂടി അദ്ദേഹം നടത്തി.

  "കൂലിയെഴുത്തിന്റെ ധ്വനിപാഠങ്ങള്‍" എന്ന തലക്കെട്ടില്‍ എഴുതിയ പ്രതികരണക്കുറിപ്പില്‍, ''ഒന്നിച്ചു തിയേറ്ററില്‍ വന്നാല്‍ പരുന്തിന്‍ കാലില്‍ പോകുമെന്ന് ഭയന്നാണ് '' 'മാടമ്പി' തിയേറ്ററില്‍ നേരത്തേ എത്തിയതെന്നാണ് ലേഖകന്റെ കണ്ടുപിടിത്തമെന്ന് ബി ഉണ്ണികൃഷ്ണന്‍ ആക്ഷേപിക്കുന്നു. ഇതെന്തുതരം സിനിമാ നിരൂപണമാണെന്ന് മുണ്ട് മടക്കിയുടുത്ത്, മീശ പിരിച്ച് മേലോട്ടുയര്‍ത്തി, ചൂണ്ടുവിരല്‍ നീട്ടി, അസല്‍ മാടമ്പിയായി സംവിധായകന്‍ ചോദിക്കുന്നു.

  പക്ഷേ, ലേഖകന്റെ കണ്ടുപിടിത്തല്ലല്ലോ ഉണ്ണീ, ഇത്. പരുന്തിന്റെ ചിറകരിയുമെന്ന് മാടമ്പിയുടെ വായില്‍ കയറിയിരുന്ന് വിളിച്ചു പറഞ്ഞ തിരക്കഥാകൃത്ത് കം സംവിധായകന്റെ വിടുവായ്ക്ക് മറുപടിയായി ഇങ്ങനെയൊരു പരിഹാസം ഉയരുന്നുണ്ടെന്നാണ് അജിത്ത് പറഞ്ഞത്. മനസില്‍ നുരഞ്ഞുയരുന്ന വിജയത്തിന്റെ ലഹരിയില്‍ സംവിധായക മാടമ്പിക്ക് അത് മനസിലാകാത്തതോ, മനസിലായിട്ടും ആയില്ലെന്ന് നടിക്കുന്നതോ?

  സമീപകാലത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായി തന്റെ ചിത്രം മാറിക്കഴിഞ്ഞുവെന്നും കൂലിക്കൂവലുകാര്‍ക്കും എഴുത്തുകാര്‍ക്കും വേറെ വഴികള്‍ ആലോചിക്കാം എന്നും എഴുതി മാടമ്പിച്ചേട്ടന്‍ തന്റെ പ്രതികരണം അവസാനിപ്പിക്കുന്നു. വലിയ വാണിജ്യ വിജയമായിക്കഴിഞ്ഞ തന്റെ ചിത്രത്തെ വിമര്‍ശിക്കുന്നത് സംവിധായകന് തീരെ പിടിക്കുന്നില്ല. അങ്ങനെയാരെങ്കിലും ചെയ്താല്‍ അവരുടെ വായിലൊട്ടിക്കാന്‍ കൂലിക്കൂവലുകാരന്റെ ലേബല്‍ ഏറെ തയ്യാറാക്കി സ്റ്റോക്കു ചെയ്തിട്ടുണ്ട്, മാടമ്പി തിരുമനസ്.

  സിനിമാ വിജയത്തില്‍ മദം പൊട്ടി ലഹരിയുടെ വ്യാഴത്തില്‍ കയറി നില്‍ക്കുന്ന സംവിധായക മാടമ്പിയുടെ പ്രതികരണം, ഒരു ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറിയുടെ നിലവാരത്തിലാകുമ്പോള്‍ ആരാധകര്‍ക്ക് പോലും കരയുകയല്ലാതെ വേറെ വഴിയില്ല.

  മാടമ്പിയെക്കാള്‍ വാണിജ്യ വിജയം നേടിയിരുന്നെങ്കില്‍, പരുന്തിന്റെ ചിറകരിയുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ സത്യത്തില്‍ പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ് ചെയ്യേണ്ടത്. ആരാധക പ്രതീക്ഷയുടെ ഏഴയലത്ത് പരുന്തിനെ അടുപ്പിക്കാന്‍ ടി എ റസാക്കിനും പത്മകുമാറിനും കഴിഞ്ഞില്ല. അല്ലെങ്കിലിയാളെന്തോ ചെയ്യുമായിരുന്നു...

  നായകനെക്കൊണ്ട് വിടുവാ പറയിച്ച് തറടിക്കറ്റുകാരന്റെ കയ്യടി നേടുന്നത് ഒരു തമിഴ് നമ്പരാണ്. സ്വന്തം പണം മുടക്കി സിനിമ കാണുന്നവര്‍ അതു ചിലപ്പോള്‍ ചൂണ്ടിക്കാണിച്ചെന്നിരിക്കും. അവരുടെയൊക്കെ വായില്‍ കൂലിയെഴുത്തിന്റെ സ്റ്റിക്കറൊട്ടിച്ച് നിശബ്ദരാക്കാമെന്ന് കരുതി തറ്റും താറുമുടുക്കുന്നതിനു മുമ്പ് ഒരാളിന്റെ അവസ്ഥ ഓര്‍ക്കുന്നത് നന്ന്.. വിനയന്റെ... സാക്ഷാല്‍ വിനയന്റെ..

  ഓ മറന്നു, കുറെക്കാലം അതിയാന്റെ കൂടെയല്ലായിരുന്നോ പൊറുതി... പിന്നെയിതൊക്കെ കാണിച്ചില്ലെങ്കിലേ അതിശയമുളളൂ...

  ബന്ധപ്പെട്ട വാര്‍ത്തകള്‍


  മാടമ്പിയിലെ ചിത്രങ്ങള്‍
  പരുന്തിലെ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X