ശ്യാമിലി നായികയായി അഭിനയിക്കുന്നു
ബേബി ശ്യാമിലിയെ ഓര്‍ക്കുന്നില്ലേ ചേച്ചി ശാലിനിയപ്പോലെതന്നെ കുസൃതിയുമായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന ആ കുസൃതിക്കുടുക്കയെ. ബേബി ശ്യാമിലിയെന്ന വിശേഷണം ഈ പെണ്‍കുട്ടിയ്‌ക്ക് ഇപ്പോള്‍ ചേരില്ല. അവള്‍ വളര്‍ന്നു.
അഞ്‌ജലിയെന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ആ ബാലതാരം ഇപ്പോള്‍ നായികയായി ഒരു പുനപ്രവേശനത്തിന് ഒരുങ്ങുകയാണ്.
മൂന്നാം വയസ്സില്‍ ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങി എല്ലാവരെയും വിസ്‌മയിപ്പിച്ച ചേച്ചിയുടെ അനിയത്തിയെന്ന ആ വാത്സല്യത്തോടെതന്നെയായിരുന്നു മലയാള ചലച്ചിത്രലോകം ശ്യാമിലിയെയും സ്വീകരിച്ചത്. മലയാളത്തില്‍ മാളൂട്ടി, പൂക്കാലം വരവായി എന്നിവയിലെ ശ്യാമിലിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.
എന്നാല്‍ ചേച്ചിയ്‌ക്ക് കിട്ടിയതുപോലൊരു സൗഭാഗ്യം കൊച്ചനിയത്തിയ്‌ക്ക് ആ പ്രായത്തില്‍ കിട്ടിയില്ലെന്നത് മറ്റൊരു കാര്യം. ബാലതാരമായി ശാലിനി കഴിവുതെളിയിച്ചപ്പോള്‍ ശാലിനിയ്‌ക്ക് വേണ്ടി കഥയുണ്ടാക്കുന്ന ഒരു രീതിവരെ മലയാളത്തില്‍ ഉണ്ടായിരുന്നു.
ചേച്ചിയെപ്പോലെതന്നെ ശ്യാമിലി വീണ്ടും തിരിച്ചെത്തുകയാണ്യ തെലുങ്കിലെ ചോക്ലേറ്റ് ഹീറോ സിദ്ധാര്‍ത്ഥിനൊപ്പമാണ് ശ്യാമിലി ആദ്യ നായികാവേഷം ചെയ്യുന്നത്. പ്രമുഖ തെലുങ്ക് സംവിധായകന്‍ ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്ന ഡി.വി.വി ധനയ്യയാണ്.
ശാലിനിയുടെ തിരിച്ചുവരവും ഒട്ടും മോശമായിരുന്നില്ല. പെട്ടെന്ന് തന്നെ വിവാഹിതയായി അഭിനയരംഗം വിട്ടെങ്കിലും ഓര്‍മ്മിക്കപ്പെടുന്ന ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശാലിനിയ്‌ക്ക് അവസരം ലഭിച്ചിരുന്നു. അതുപോലെ അനിയത്തിയും അഭിനയരംഗത്ത് സജീവമാകുമോയെന്ന് ഉറ്റുനോക്കുകയാണ് തെന്നിന്ത്യ.


Click it and Unblock the Notifications