മമ്മൂട്ടിയും ബച്ചനും ഒരുമിയ്‌ക്കുന്നു?
മമ്മൂട്ടിയും ബച്ചനും ഒന്നിയ്ക്കുക മലയാളത്തിലെ ചലച്ചിത്രപ്രേമികള്‍ ഒരിക്കലെങ്കിലും ഈ താരസംഗമം ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷേ അന്യഭാഷാ ചിത്രങ്ങളില്‍ കൂടുതലായി ബച്ചന്‍ പ്രത്യക്ഷപ്പെടാറില്ലെന്നതുകൊണ്ടുതന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കുക പ്രയാസമാണ്.
എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിയും ബിഗ്ബിയും ഒന്നിയ്ക്കാന്‍ അവസരമൊരുങ്ങുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ വന്ദേമാതരത്തില്‍ അഭിനയിക്കാന്‍ ബച്ചന്‍ സമ്മതം മൂളിയാല്‍ ഈ താരസംഗമത്തിന് കളമൊരുങ്ങും.
തമിഴിലും മലയാളത്തിലുമായി നിര്‍മിക്കുന്ന വന്ദേമാതരത്തില്‍ മമ്മൂട്ടിയെക്കൂടാതെ കോളിവുഡ് ആക്ഷന്‍ ഹീറോ അര്‍ജുനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്‌നേഹയാണ് നായിക.
ചിത്രത്തിലഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് വന്ദേമാതരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ബച്ചനുമായി ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്. തിരക്കഥ വായിച്ചു നോക്കിയിട്ട് തീരുമാനം പറയാമെന്നാണ് ബച്ചന്‍ അറിയിച്ചിരിക്കുന്നത്. ബിഗ് ബി സമ്മതം മൂളുമെന്നു തന്നെയാണ് കരുതുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഹെന്ററി പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ബച്ചന്‍ ഒരു കന്നഡ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു ശേഷം ദക്ഷിണേന്ത്യന്‍ ഭാഷയില്‍ ബച്ചന്‍ ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കഥ പറയുന്ന വന്ദേമാതരത്തില്‍ മമ്മൂട്ടിയ്‌ക്ക് ഒരു ഇന്റലിജന്റസ് ഓഫീസറുടെ റോളാണുള്ളത്. ചിത്രത്തില്‍ ജനപ്രിയനായ പ്രധാനമന്ത്രിയുടെ വേഷമാണ് ബിഗ് ബിയ്‌ക്ക് നല്‌കിയിട്ടുള്ളത്.
അരവിന്ദ് സംവിധാനം നിര്‍വഹിയ്‌ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം തമിഴില്‍ ആറുവാടി എന്ന പേരിലാണ് നിര്‍മിയ്‌ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications