ആടുതോമയായി മോഹന്‍ലാല്‍ വീണ്ടുമെത്തും! 25-ാം വാര്‍ഷികം: 2 കോടി മുടക്കി സ്ഫടികം വരുന്നു
മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഇന്നും കേരളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. ആടുതോമ എന്ന വേഷത്തിലെത്തിയ മോഹന്‍ലാല്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കി. സംവിധാനത്തിനൊപ്പം ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്രബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്.
1995 മാര്‍ച്ച് മുപ്പതിനായിരുന്നു സ്ഫടികം തിയറ്ററുകളിലേക്ക് എത്തുന്നത്. വീണ്ടുമൊരു മാര്‍ച്ച് മുപ്പത് വരുമ്പോള്‍ സ്ഫടികം 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അതിനൊപ്പം സ്ഫടികം വീണ്ടും റീറിലീസിനൊരുങ്ങുന്ന കാര്യം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരിക്കുകയാണ്.

മീഡിയ സ്‌കൂളുകളിലും കോളേജുകളിലും അതിഥിയായി എത്തുമ്പോള്‍ കുട്ടികള്‍ ആവേശത്തോടെ ആടുതോമയെ കുറിച്ച് സംസാരിക്കും. സിനിമയുടെ ഭാഗങ്ങള്‍ ചേര്‍ത്തുവച്ച് അവര്‍ തന്നെ സൃഷ്ടിച്ച ട്രെയിലറുകളും കാണിക്കും. ഒപ്പം ഈ സിനിമ തിയറ്ററില്‍ പോയി കാണാന്‍ അവര്‍ക്ക് കഴിയാതെ പോയതിന്റെ വിഷമമവും പങ്കുവെക്കും. സിനിമ തിയറ്ററില്‍ പോയി കണ്ടവരും ഒരിക്കല്‍ കൂടി ആ തിയറ്റര്‍ അനുഭവം കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ്, എന്ത് കൊണ്ട് ഈ സിനിമയെ പുതിയ ഭാവത്തിലും മേക്കോവറിലും വീണ്ടും തിയറ്ററില്‍ അവതരിപ്പിച്ചുകൂടാ എന്ന ചിന്ത ജനിക്കുന്നത്.

സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ റിസ്‌റ്റോര്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ബന്ധങ്ങളുടെ കഥയാണ് സ്ഫടികം. നഷ്ടങ്ങളും നേട്ടങ്ങളും തിരിച്ച് വരവും ഇതില്‍ പ്രമേയമാണ്. ചാക്കോ മാഷും ആടുതോമയും തമ്മിലുള്ള പിതൃപുത്ര ബന്ധത്തിനൊപ്പം തന്നെ പ്രണയവും സഹോദരബന്ധവും സൗഹൃദവും സിനിമയിലുണ്ട്. ചെന്തീല്‍ ചാലിച്ച ചന്ദനപ്പൊട്ട് എന്നാണ് മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രത്തെ വിശേഷിപ്പിച്ചിരുന്നത്.

ചാക്കോ മാഷായി ആദ്യം മുതലേ മനസില്‍ തിലകനെയാണ് കണ്ടത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അരങ്ങും വെളിച്ചവും പകര്‍ന്നവരില്‍ പലരും ഇന്ന് ഒപ്പമില്ല. തിലകന്‍, സില്‍ക് സ്മിത, എന്‍എഫ് വര്‍ഗീസ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, ജെ വില്യംസ്, പി ഭാസകരന്‍ മാഷ്, എന്‍എന്‍ ബാലകൃഷ്ണന്‍, രാജന്‍ പി ദേവ്, ശങ്കരാടി എന്നിവരൊക്കെ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും സിനിമയിലൂടെ ജീവിക്കുകയാണ്.

1995 ല്‍ റിലീസ് ചെയ്തതിന് ശേഷം ഈ സിനിമ വീണ്ടും കാണുന്നത് 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. സംവിധാനം ചെയ്ത സിനിമകളൊന്നും റിലീസിന് ശേഷം കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഏതാനും റീലുകള്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ മോഹന്‍ലാല്‍ എന്ന മഹാനടന്റെ പ്രതിഭയെ കുറിച്ചു മനസില്‍ അത്ഭുതമാണുണ്ടായത്. തിലകന്റെ കഥാപാത്രത്തോട് വശ്യമായ ആരാധനയും.

സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോമെട്രിക്‌സ്് എന്ന പുതിയ കമ്പനി റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണ് നടത്തുന്നത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായക സീനുകള്‍ക്കായി ക്യാമറ വീണ്ടും ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്ക് വേണ്ടി കെഎസ് ചിത്രയും മോഹന്‍ലാലും പാടുകയാണ്. ഒരു മാസമായി ചിത്ര ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്.

പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മാതാവ് ആര്‍ മോഹനില്‍ നിന്ന് വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ട്. 2 കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്. സിനിമയുടെ സൗണ്ട് ട്രാക്കില്‍ മാറ്റങ്ങള്‍ വരുത്തും. ബന്ധങ്ങളുടെ ആഴത്തില്‍ നിന്ന് രൂപം കൊണ്ട സിനിമ ഇനിയും ഇരുപത്തഞ്ചും അന്‍പതും നൂറും വര്‍ഷം ജീവിക്കണം എന്നതാണ് ആഗ്രഹം. വരും തലമുറകള്‍ ആടുതോമയയെ പരിചയപ്പെടുത്തുന്നതിനായി സിനിമയെ കരുതി വയ്ക്കുകയാണെന്നും ഭദ്രന്‍ പറയുന്നു.


Click it and Unblock the Notifications











