twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കുട്ടിയുടെ വിവാഹമാണ് മലയാളത്തിലെ നായകനടനുമായി! മഞ്ജു വാര്യരെക്കുറിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞത്?

    |

    മലയാള സിനിമയിലെ അഭിനേത്രികളില്‍ പ്രധാനികളിലൊരാളായ മഞ്ജു വാര്യര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്. കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താരം സെലക്ടീവാണ്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായാണ് താരം എത്താറുള്ളത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അരങ്ങേറിയത്.

    മഞ്ജു വാര്യരെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മുന്‍പൊരിക്കല്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ താന്‍ മഞ്ജുവിനായി വാശി പിടിച്ചതും താരത്തിന്റെ വിവാഹത്തിനെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചുമൊക്കെ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം. ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    നല്ല മൊഞ്ചുള്ള പെണ്ണ്

    ചില മുഖങ്ങൾ കാണുമ്പോൾ അറിയാതെ നമ്മുടെ മനസ്സിൽ നമ്മുടെ അനുവാദം പോലുമില്ലാതെ ചില വിശേഷണങ്ങൾ വന്നു മിന്നി മറയും. "നല്ല മൊഞ്ചുള്ള പെണ്ണ്!" മഞ്ജു വാര്യരെ ജീവിതത്തിൽ ആദ്യമായി കണ്ട നിമിഷം എന്റെ മനസ്സിൽ തികട്ടി വന്ന പ്രയോഗമാണിത്. എന്റെ അരികിലിരുന്ന ഭാര്യയുടെ ചെവിയിലേക്ക് ഞാൻ അപ്പോൾ തന്നെ അത് സംക്രമിപ്പിക്കുകയും ചെയ്തു .എന്ന് , എവിടെ വെച്ചായിരുന്നു അതുണ്ടായത് എന്ന് പറയുക കൂടി ഒരാവശ്യമാണല്ലോയെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് തുടങ്ങുന്നത്.

    ആദ്യമായി കണ്ടത്

    വർഷങ്ങൾക്കു മുൻപാണ് . ട്രിവാൻഡ്രം ക്ലബ്ബിലെ കോഫീഷോപ്പിൽ 'ഒരു കടിയും കുടി' യുമായി ഇരിക്കുകയായിരുന്നു ഞങ്ങൾ .അപ്പോഴാണ് ഒരമ്മയും മകളും അങ്ങോട്ട് കയറിവന്നതും ഞങ്ങൾക്കരികിലായി കിടന്ന മേശക്കു ചുറ്റും ഇടം പിടിച്ചതും .ഒറ്റ നോട്ടത്തിൽ എന്റെ പ്രത്യേകമായ ശ്രദ്ധ എആ കുട്ടി നേടിയത് ഒരുപക്ഷെ അതിന്റെ മുഖത്തു ഒരു നഗരത്തിൽ അപൂർവ്വമായി മാത്രം കാണാറുള്ള ലാളിത്യം അധികമായി സ്ഫുരിച്ചതു കൊണ്ടാവണം . .അവൾ വർത്തമാനം പറഞ്ഞപ്പോൾ മണിമണിയായി അടർന്നു വീണ അക്ഷരങ്ങളുടെ ശുദ്ധിയും മറ്റൊരുകാരണമാകാം .

     സല്ലാപത്തിലെ നായിക

    അധികം വൈകാതെ അവിടേക്കു കയറി വന്ന 'കിരീടം ഉണ്ണി ' എന്ന നിർമ്മാതാവ് പരിചയപ്പെടുത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സല്ലാപത്തി' ലെ നായികയാണ് ആ കുട്ടി എന്ന് മനസ്സിലാക്കുന്നത് . പിന്നെയുള്ള മഞ്ജുവിന്റെ ചരിത്രം മലയാളികൾക്ക് സുപരിചിതമാണ് .മലയാളി മനസ്സിൽ മഞ്ജു നേടിയ ഇടം മറ്റാർക്കും സ്വന്തമാക്കാൻ കഴിഞ്ഞില്ല.. ആഭരണങ്ങൾക്കും ചായപ്പൊടിക്കുമുള്ള ഒരു മോഡൽ മുഖമായി മാത്രം മഞ്ജു അവസാനിച്ചില്ല. മലയാളി വനിതയുടെ ഒരു ശബ്ദമായി അവൾ മാറി .

    സൗകുമാര്യം കൂടി

    മഞ്ജുവിന്റെ വായിൽ നിന്ന് വീണാൽ ജനം വിശ്വസിക്കും എന്ന വിലാസം അവൾ ഉണ്ടാക്കിയെടുത്തപ്പോൾ നാട്ടിൽ ഒരു സാമൂഹികപ്രശ്നമുണ്ടായാൽ . 'മഞ്ജു എന്ത് പറയുന്നു ?' എന്ന അന്വേഷണത്തന് അർത്ഥമുണ്ടായി.( 'ഹൗഓള്‍ഡ് ആര്‍ യൂ
    എന്ന ചിത്രത്തിലൂടെ അവൾ ഓർഗാനിക് ഫാമിന്റെയും പിന്നീട് മനുഷ്യ ചങ്ങലയുടെയും വിഷയത്തിൽ ഇടം പിടിക്കുന്നു.) . ഒരു താരത്തിന്റെ ഭാര്യയായി രംഗം വിട്ടപ്പോഴും ഏറെ കഴിഞ്ഞു ചമയം വീണ്ടും അണിഞ്ഞപ്പോഴും വളരെ കുറച്ചു മാത്രം പറയുന്ന മിതത്വം , അവളുടെ ലാളിത്യത്തിന്റെ സൗകുമാര്യം കൂട്ടി . സംശയിക്കേണ്ട .

    വലിയ രഹസ്യമാണ്

    മഞ്ജു ഒരു മിടുക്കിക്കുട്ടി തന്നെയാണ് . ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാൽ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ .ഞങ്ങൾ ഒരുമിച്ചു ഒരു ചിത്രത്തിൽമാത്രമേ സഹകരിച്ചിട്ടുള്ളു ."കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന ചിത്രം . അതിലും ഞങ്ങൾ ഒരുമിച്ചുള്ള രംഗങ്ങൾ നന്നേ കുറവാണ് . എന്നാൽ മഞ്ജു അഭിനയിച്ച ചിത്രങ്ങൾ കഴിവതും മുടങ്ങാതെ കാണുക എന്നത് എന്റെ ഒരു ശീലമായിരുന്നു.

     ജൂറി അംഗമായപ്പോള്‍

    അങ്ങനെയിരിക്കെ ആ വർഷം (ഏതാണെന്നു ഓർമ്മ വരുന്നില്ല ) സിനിമാ പുരസ്കാരങ്ങൾ നിശ്ചയിക്കാനുള്ള നാഷണൽ ജൂറിയിലെ ഒരംഗമായിരിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി .( സിനിമയിൽ വന്നിട്ട് പത്തു നാൽപ്പതു വർഷമായിട്ടും സംസ്ഥാനഅവാർഡ്" കമ്മറ്റിക്കാർ " എന്റെ പേരിനു നീളം കൂടുതലായതുകൊണ്ടാവാം ഇന്ന് വരെ ഒന്ന് അന്വേഷിച്ചിട്ടുപോലുമില്ല എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട് )ഡൽഹിയിൽ ഞാൻ ചെലവഴിച്ച ആ നല്ല ദിനങ്ങളുടെ ഓർമ്മയ്ക്ക് പ്രത്യേക നന്ദി .

    മഞ്ജു വാര്യരുടെ മൂന്ന് സിനിമകള്‍

    ഡിവിഎസ് രാജുവായിരുന്നു ചെയർമാൻ . ആ കൂട്ടത്തിലേറ്റവും പ്രായംകുറഞ്ഞ ആൾ എന്ന നിലയിൽ ഏവർക്കും ഞാൻ ഒരു നേരംകൊല്ലിയായി . 'ഷോലെ' എന്ന ചിത്രത്തിൻറെ സംവിധായകൻ രമേശ് സിപ്പിയും , പഴയ ' കാട്ടുതുളസി ' എന്ന ചിത്രത്തിലെ സത്യന്റെ നായിക ഉഷാകുമാരിയും ജൂറി മെംബേർസ് എന്ന നിലയിൽ ഞാനുമായി നല്ല ചങ്ങാത്തത്തിലായി . മലയാള സിനിമകൾ സംബന്ധിച്ചുള്ള സംശയങ്ങൾ അവർ എന്നിലൂടെയാണ് പരിഹരിച്ചിരുന്നത് .അവാർഡുകൾ തീരുമാനമായപ്പോൾ എനിക്കൊരു നിരാശ . എന്റെ ഓർമ്മ ശരിയാണെങ്കിൽ മഞ്ജുവിന്റെ മൂന്നു ചിത്രങ്ങൾ അക്കുറി മത്സരത്തിനുണ്ടായിരുന്നു . ക്യാമറാമാൻ വേണു സംവിധാനം ചെയ്ത 'ദയ ', ലോഹിയുടെ 'കന്മദം ' പിന്നെ മറ്റൊന്നും .

    ആരാണീ അഭിനേത്രി

    താല്പര്യമെടുത്തു ഞാൻ ആ ചിത്രങ്ങളിലെ ചില പ്രസക്ത ഭാഗങ്ങൾ ജൂറി അംഗങ്ങളെ കാണിച്ചപ്പോൾ അന്തരീക്ഷം ആകെ മാറി .'ഇതാരാണീ അഭിനേത്രി ?' എന്ന ചോദ്യം ഉയർന്നു വരാൻ തുടങ്ങി . അടുത്ത അവാർഡ് പരിഗണന വരുമ്പോൾ ആ കുട്ടിക്ക് അര്‍ഹമായതുകിട്ടും എന്ന് പറഞ്ഞു അവർ ഫയൽ അടക്കും മുൻപ് ഞാൻ ഒന്ന് ഇടപെട്ടു .

     നായകനടനുമായി വിവാഹം

    "ഇല്ല ; അതിനി നടക്കില്ല . ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടൻ വിവാഹം കഴിക്കുകയാണ് . പിന്നെ അഭിനയമൊന്നും ഉണ്ടാകാൻ സാധ്യതയില്ല . ആ കുട്ടിയുടെ കഴിവിൽ നിങ്ങൾക്കു തൃപ്തിയുണ്ടെങ്കിലതിനുള്ള അംഗീകാരം എന്താണേലും ഇക്കുറി കൊടുക്കണം .അത് കമ്മറ്റിയുടെ തീരുമാനമായി കരുതിയാൽ പോരെ ?"
    എന്റെ ശ്രമം പാഴായില്ല . ആ വർഷത്തെ അവാർഡ് പരിഗണനയിൽ ജൂറിമെംബേഴ്സിന്റെ നല്ല മനസ്സുകൊണ്ടും 'മൊഞ്ചുള്ള മഞ്ജുവിന്റെ ' അസൂയാവഹമായ കഴിവ് കൊണ്ടും ജൂറിയുടെ പ്രത്യേക പരാമർശം മഞ്ജുവിന് കിട്ടിയപ്പോൾ എന്തോ ഒരു നല്ല കർമ്മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും!

    അവാര്‍ഡ് സമ്മാനിക്കാനുള്ള ഭാഗ്യവും

    എന്നോ ഒരിക്കൽ ഏറ്റവും നല്ല നടിക്കുള്ള 'വനിതാ 'അവാർഡ്, വേദിയിൽ മഞ്ജുവിന് സമ്മാനിച്ചത് ഞാൻ ആയിരുന്നു .ആ നിമിഷവും ഈ ഫ്ലാഷ്ബാക്ക് രംഗങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് . എല്ലാ വർഷവും കമ്മറ്റിയിൽ ഒരു മലയാളീ സാന്നിധ്യം ഉണ്ടാകാറുണ്ട് . സലിം കുമാറിന് അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് 'ഇത്തവണ കമ്മറ്റിയിൽ മലയാളി ആരും ഉണ്ടാകാഞ്ഞതുകൊണ്ടാവണം ഇങ്ങനെ സംഭവിച്ചത് എന്നാണു '. പലരും മലയാളീ സുഹൃത്തുക്കളോടുള്ള കണക്കു തീർക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും ബാലചന്ദ്രമേനോന്‍ കുറിച്ചിട്ടുണ്ട്.

    English summary
    Balachandra Mneon's facebook post about Manju Warrier.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X