പ്രതിഫലമായി നൽകിയത് 2400 രൂപ! സീരിയലില്‍ അഭിനയിച്ച പൈസയാണ് വണ്ടിക്കൂലിയ്ക്ക നല്‍കിയത്- ബാലചന്ദ്രൻ ചുള്ളിക്കാട്
സാഹിത്യക്കാരനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗഗാനം പോലെ എന്ന സീരിയലില്‍ അച്ഛന്‍ വേഷം അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് താരം. ഇതിനും പുറമേ സാഹിത്യ പരിപാടികള്‍ക്ക് പോവുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്.
എന്നാല്‍ കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരനിപ്പോള്‍. 'അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍', രണ്ടു മണിക്കൂറോളം പ്രസംഗിക്കുകയടക്കം ചെയ്തിട്ടും തനിക്ക് നല്‍കിയ പ്രതിഫലത്തെ വിമര്‍ശിച്ചാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ സുഹൃത്തായ ജയചന്ദ്രന്‍ സിഐസിസി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഇത് സൂചിപ്പിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

'എന്റെവില.
ബാലചന്ദ്രന്‍ചുള്ളിക്കാട്
കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്. (30-01-2024). കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)
എറണാകുളത്തുനിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡൈറവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-). 3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്.
പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി.
ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചു പറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്', എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 'മഹാമോശം. അത്ഭുതകരമായി തോന്നുന്നു അക്കാദമി ഈ ചെയ്തത്. പ്രാദേശിക വായനശാലകളുടെ പരിപാടികള്‍ക്ക് പോലും, സംഘാടകര്‍ ഇതിനേക്കാള്‍ വലിയ തുക സാംസ്‌കാരിക പ്രഭാഷണം നടത്തുന്നവര്‍ക്ക് നല്‍കാറുണ്ട്. അതും ചുള്ളിക്കാടിനെ പോലൊരാളെ, അത്ര ഉജ്ജ്വലമായൊരു പ്രഭാഷണത്തെ ഇങ്ങനെ ട്രീറ്റ് ചെയ്തത് വളരെ വളരെ മോശമായി.
ഏതെങ്കിലും ഒരു സിനിമയില്‍ തല കാണിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിനും, റീല്‍സ് ചെയ്തു വൈറല്‍ ആയ ആളുകള്‍ക്കും പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ പ്രതിഫലം നല്‍കുമ്പോഴാണ് സാംസ്‌കാരിക രംഗത്ത് പ്രഭലനായ ചുള്ളിക്കാടിനെ പോലെ ഒരാള്‍ക്ക് സാഹിത്യത്തെ പരിപോഷിപ്പിക്കുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന അക്കാഡമി കല്പിച്ച വിലയില്‍ ലജ്ജിക്കുന്നു.
അദ്ദേഹത്തിന്റെ ആ പ്രഭാഷണം യൂട്യുബിലൂടെ ഞാന്‍ കേട്ടു. ആ രണ്ടു മണിക്കൂര്‍ മൂല്യമളക്കാന്‍ കഴിയാത്തതായിരുന്നു. സിദ്ധിയും സാധനയും സമഞ്ജസമായി സമ്മേളിക്കുന്ന അപൂര്‍വ്വമുഹൂര്‍ത്തം. എങ്കിലും ഇങ്ങനെ ആക്ഷേപിക്കാന്‍ പാടില്ലായിരുന്നു', എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്ന് വരുന്നത്.


Click it and Unblock the Notifications











