വിനീതും കാവ്യയും വീണ്ടും
വടക്കുംനാഥന്‍ എന്ന മോഹല്‍ലാല്‍ ചിത്രത്തില്‍ കാവ്യയുടെ നായകന്‍ വിനീതായിരുന്നു. ഒരുകിളി പാട്ടു മൂളവേ എന്നൊരു മനോഹരമായ ഗാനരംഗവും ഇവര്‍ക്കു വേണ്ടി സംവിധായകന്‍ ഒരുക്കി. വീണ്ടും ഈ ജോടി ഒരുമിക്കുന്നത്, നേമം പുഷ്പരാജിന്റെ വാരണാസി എന്ന ചിത്രത്തിനു വേണ്ടി. കലാസംവിധായകനായിരുന്ന നേമം പുഷ്പരാജിന്റെ ആദ്യ ചിത്രമായ ഗൗരീശങ്കരത്തിലും കാവ്യാ മാധവനായിരുന്നു നായിക.
സംഗീതപ്രധാനമായ പ്രണയകഥയാണ് വാരണാസി. നൃത്തത്തില്‍ മികവു തെളിയിച്ച ഹരി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.ഫോക് ഡാന്‍സില്‍ ഗവേഷണം നടത്തുന്നതിനു വേണ്ടി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എത്തുകയാണ് ഹരി.
മുംബെയില്‍ ജനിച്ചു വളര്‍ന്ന അമൃതയും നൃത്തപ്രവീണയാണ്. നൃത്തത്തില്‍ ഗവേഷണത്തിനു വേണ്ടിയാണ് അമൃതയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെത്തിയത്. ചിന്തയിലും പ്രവൃത്തിയിലും സ്വപ്നങ്ങളിലും ഒരേ തരംഗദൈര്‍ഘ്യമുളള ഹരിയും അമൃതയും സ്വാഭാവികമായും ഇഷ്ടത്തിലായി. അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
നാട്ടിന്‍പുറത്തുകാരി ദേവു എന്ന കഥാപാത്രമായി നവ്യാനായരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെ സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ നൃത്തത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെയ്ക്കുന്ന ചിത്രത്തിന്റെ കഥ എം ആര്‍ നായരാണ്. തിരക്കഥയും സംഭാഷണവും ചെറിയാന്‍ കല്‍പകവാടി.
ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രന്‍ ടീമാണ് ഗാനങ്ങളൊരുക്കുന്നത്.
നെടുമുടി വേണു, സുരേഷ് കൃഷ്ണ, ജഗതി, ദേവന്‍, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, ഊര്‍മ്മിളാ ഉണ്ണി എന്നിവരും ഈ ചിത്രത്തിലുണ്ട്.
കാശി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് കഥാകൃത്ത് എം ആര്‍ നായരാണ്. വാരണാസിയിലും തിരുവനന്തപുരത്തുമാണ് ലൊക്കേഷനുകള്‍. മിനര്‍വ റിലീസ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
മാടമ്പിയിലെ ചിത്രങ്ങള്‍
കാവ്യയുടെ ഗ്ലാമര്‍ചിത്രങ്ങള്‍


Click it and Unblock the Notifications