ബാംഗ്ലൂര്‍ ഡെയ്‌സ് എഫക്ട്; ദുല്‍ഖറിന്റെ പ്രതിഫലം കൂടി
അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ഹിറ്റിലേയ്ക്ക് നീങ്ങുകയാണ്. യുവതയെ മുഴുവന്‍ കയ്യിലെടുത്ത് ആഘോഷമായി ബാംഗ്ലൂര്‍ഡെയ്‌സ് മുന്നേറുമ്പോള്‍ അത് ശരിയ്ക്കും അനുഗ്രഹമായി മാറിയത് യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്. സിനിമയില്‍ നിവിന്‍ പോളിയും, ദുല്‍ഖറും ഫഹദും നസ്രിയയും പാര്‍വ്വതിയുമെല്ലാം മികച്ച പ്രടകനമാണ് കാഴ്ചവച്ചതെങ്കിലും ഏവരെയും ഉള്ളില്‍ മായാതെ നില്‍ക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച സ്‌പോയില്‍ഡ് ചൈല്‍ഡായ അര്‍ജുന്റെ ചിത്രമായിരിക്കും.
ഇന്നേവരെ ഒരുചിത്രത്തിലും കിട്ടിയിട്ടില്ലാത്ത പ്രേക്ഷകപിന്തുണയാണ് ബാംഗ്ലൂര്‍ ഡെയ്‌സില്‍ ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. പലരും ഇതിനെ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. നസ്രിയ ഫഹദ്, നിവിന്‍ പോളി എന്നിവരെല്ലാമുണ്ടെങ്കിലും അര്‍ജുന്റെയും സേറയുടെയും കഥതന്നെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് തോന്നിപ്പോകും.

എന്തായാലും ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയം ദുല്‍ഖറിന് വലിയ മൈലേജാണ് നല്‍കിയിരിക്കുന്നത്. അടുത്തകാലത്ത് പലചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ദുല്‍ഖറിന്റെ അവസ്ഥ പരുങ്ങലിലായിരുന്നു. പക്ഷേ ബാഗ്ലൂര്‍ ഡെയ്‌സ് കാര്യങ്ങള്‍ മാറ്റി. ഇപ്പോള്‍ ദുല്‍ഖറിന്റെ താര്യമൂല്യം കൂടി, പ്രതിഫലവും. നേരത്തേ 15ലക്ഷത്തിനും 25ലക്ഷത്തിനും ഇടയിലായിരുന്നുവത്രേ ദുല്‍ഖറിന്റെ പ്രതിഫലം ഇപ്പോള്‍ അത് മുപ്പത് ലക്ഷമായി ഉയര്‍ന്നിരിക്കുകയാണെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ബാംഗ്ലൂര്‍ ഡെയ്‌സിന് പിന്നാലെ ദുല്‍ഖര്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്ന വിക്രമാദിത്യന്‍, ഞാന്‍ എന്നീ ചിത്രങ്ങളും വരാനിരിക്കുകയാണ്. ഇവയെല്ലാം ഹിറ്റുകളായാല്‍ ദുല്‍ഖറിന്റെ പ്രതിഫലം ഇനിയും കൂടുമെന്നകാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ പ്രധാനികള്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയുമാണ് രണ്ടുപേര്‍ക്കും 40ലക്ഷത്തിനടത്താണത്രേ പ്രതിഫലം. എന്തായാലും അധികം വൈകാതെ ദുല്‍ഖറും ഇക്കൂട്ടത്തിലേയ്‌ക്കെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











