'ശക്തിമാന്‍ പണ്ട് കണ്ടിട്ടുണ്ട്, ഞാന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ പോണെന്ന് ആരു പറഞ്ഞു?': ബേസില്‍ ജോസഫ്
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങി മലയാളികള്‍ നെഞ്ചേറ്റിയ സിനിമകള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ് അടുത്തായി അഭിനയിക്കുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ചിത്രം മെയ് 16ന് റിലീസിനൊരുങ്ങുകയാണ്. മൂന്ന് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും ബേസില്‍ എന്ന നടന്‍ നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ് കവര്‍ന്നിട്ടുണ്ട്.
ജാന്‍ എ മന്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ബേസില്‍ തുടര്‍ന്ന്, കഠിന കഠോരമീ അണ്ഡകടാഹം, പാല്‍തു ജാന്‍വര്‍, ഫാലിമി, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി. ഡിയര്‍ ഫ്രണ്ട്, ന്നാ താന്‍ കേസ് കൊട്, പൂക്കാലം, ജോജി, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വളരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ ബേസിലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ ബേസില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡില്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് ശക്തിമാന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബേസില്‍ നല്‍കിയ മറുപടിയാണ് വൈറല്‍ ആകുന്നത്. ഒപ്പം ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും പൃഥ്വിരാജിനൊപ്പം ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ചും സിനിമയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും ബേസില്‍ ജോസഫ് പ്രസ്മീറ്റില്‍ മനസ് തുറന്നു.
'തന്നെ സംബന്ധിച്ചിടത്തോളം ഒന്നും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ ദീപു ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന സിനിമയെക്കുറിച്ചും അന്ന് പല ആര്‍ടിസ്റ്റ് കോമ്പിനേഷന്‍ വരുന്നതിനെക്കുറിച്ചും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു. ഇതിലെ മെയിന്‍ പ്രൊട്ടാഗണിസ്റ്റുകളായിട്ടുള്ള രണ്ട് അളിയന്‍ കഥാപാത്രങ്ങളെ നടന്മാരെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.
അന്ന് ഇത് പറയുന്ന സമയത്ത് ഞാനും സജഷന്‍സ് ഒക്കെ പറയുമായിരുന്നു. അത് കഴിഞ്ഞ് ഒരു ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ആര്‍ടിസ്റ്റിന്റെ സ്ഥാനത്ത് ഞാന്‍ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുഞ്ഞിരാമായണം എന്ന ഞാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചയിതാവായിരുന്ന ആള്‍ എഴുതിയ മറ്റൊരു ചിത്രത്തില്‍ ഞാന്‍ അഭിനേതാവായി എത്തുക എന്ന കാര്യവും ഒട്ടും പ്രതീക്ഷിച്ച കാര്യമല്ലെന്നും ബേസില്‍ പറഞ്ഞു.
അത് ഒരു ഭയങ്കര എക്‌സൈറ്റ്‌മെന്റ് തന്നെ കാര്യമായിരുന്നു. ജയ ജയ ജയ ജയ ഹേ കഴിഞ്ഞ് ഞാന്‍ ഫാലിമിയുടെ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതിലേക്ക് ഇങ്ങനെ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അത് കേട്ടപ്പോള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയിരുന്നു. ദീപുവിന്റെ സ്‌ക്രിപ്റ്റ് ആണ്.
ഗോദയുടെ പ്രൊഡ്യൂസേഴ്‌സ് ആയിട്ടുള്ള 'ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സ്' മായി വീണ്ടും സഹകരിക്കുന്നു എന്നുള്ളതൊക്കെ സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് ദിവസം കഴിഞ്ഞാണ് വിപിന്‍ വിളിച്ച് രാജുവേട്ടനാണ് മറ്റേ കാരക്ടര്‍ ചെയ്യുന്നത് എന്ന് പറഞ്ഞത്. അത് കൂടി കേട്ടപ്പോള്‍ താന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു.
താന്‍ ഒത്തിരി ആരാധിക്കുന്ന ഒരു ആളാണ് പൃഥ്വിരാജ്. ആക്ടര്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയിലൊക്കെ ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് താന്‍ ചിന്തിക്കുന്നതെന്നും ബേസില്‍ ജോസഫ് പറഞ്ഞു.
വ്യക്തിപരമായി തനിക്ക് നടനും സംവിധായകനുമായിരിക്കുക എന്ന ഉത്തരവാദിത്തം മാനേജ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. പക്ഷെ ഇതൊന്നും പോരാതെ തുടര്‍ച്ചയായി വിജയങ്ങള്‍ തരുന്ന ഒരാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തോട് ഒത്തിരി ബഹുമാനം ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ തുല്യ പ്രാധാന്യമുള്ള ഒരു കാരക്ടര്‍ ചെയ്യാന്‍ പറ്റി എന്നത് വലിയ അഭിമാനം തോന്നിയ കാര്യം തന്നെയാണ്.

ഞാന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ പോണെന്ന് ആരു പറഞ്ഞു? ഞാന്‍ പറഞ്ഞില്ലല്ലോ. അത് അവന്‍ വെറുതെ പറഞ്ഞതാണ്. ഹിന്ദി ഒക്കെ അറിയാം ഞാന്‍ ഹിന്ദി സുഗമ പരീക്ഷയ്‌ക്കൊക്കെ 100 മാര്‍ക്ക് ഒക്കെ വാങ്ങിയിട്ടുണ്ട്. പഴയ പുലിയാണ് ഞാന്‍. ഹിന്ദി ഒക്കെ അറിയാം. ഹിന്ദി സിനിമയൊക്കെ കാണുന്ന ഒരാളാണ് ഞാന്‍.
ശക്തിമാന്‍ സിനിമയാണ് അടുത്തതായി ബേസില്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്ന തരത്തില്‍ റൂമറുകള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് 'എനിക്ക് അറിയില്ല' എന്നായിരുന്നു ബേസിലിന്റെ മറുപടി. ഞാന്‍ പണ്ട് കണ്ടിട്ടുണ്ട് ശക്തിമാന്‍. എനിക്ക് ഒന്നും അറിയില്ലെന്നും ബേസില്‍ ജോസഫ് പറഞ്ഞു.


Click it and Unblock the Notifications