മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം; നാഗവല്ലിയായി ഭാഗ്യലക്ഷ്മി
കൊച്ചി: ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ നാഗവല്ലിയുടെ ശബ്ദമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഭാഗ്യലക്ഷ്മി ഒരിക്കല്‍ക്കൂടി നാഗവല്ലിക്കുവേണ്ടി ശബ്ദസാന്നിദ്ധ്യമാകുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ രണ്ടാംഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോഴാണ് ഭാഗ്യലക്ഷ്മി നാഗവല്ലിക്ക് ശബ്ദം പകരുന്നത്.
നാഗവല്ലിയെന്ന പേരില്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രം അതേപേരിലാണ് മലയാളത്തില്‍ റിലീസിനെത്തുന്നത്. ഏപ്രില്‍ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തില്‍ അനുഷ്‌കയാണ് നായികയാകുന്നത്. അനുഷ്‌കയ്‌ക്കൊപ്പം വെങ്കിടേഷ് സിനിമയില്‍ നായകനാകുന്നു.

മണിച്ചിത്രത്താഴ് വര്‍ഷങ്ങള്‍ക്കുശേഷം ചന്ദ്രമുഖിയെന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ഈ സിനിമ തെലുങ്കില്‍ മൊഴിമാറ്റിയെത്തിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ചിത്രത്തിന് തെലുങ്കില്‍ രണ്ടാംഭാഗമൊരുങ്ങിയത്. രണ്ടാംഭാഗവും സൂപ്പര്‍ഹിറ്റായതോടെ മലയാളി പ്രേക്ഷകനെ തേടി ചിത്രത്തിന്റെ മലയാളം പതിപ്പ് തയ്യാറാക്കുകയായിരുന്നു.
മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത സൈക്കൊ ത്രില്ലറായ മണിച്ചിത്രത്താഴ് മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ ശോഭനയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ നായികയ്ക്ക് ശബ്ദം പകര്‍ന്ന ഭാഗ്യലക്ഷ്മിയും ഏറെ പ്രശംസിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി ഭാഗ്യലക്ഷ്മി നാഗവല്ലിയായി മാറുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications











