സ്വകാര്യമായി അയച്ചുകൊടുത്ത വീഡിയോ ആയിരുന്നു! താനിപ്പോള്‍ പഴയ നിലയിലേക്കെത്തിയെന്നും ഭാഗ്യലക്ഷ്മി!
ഏത് കാര്യത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന സിനിമാപ്രവര്‍ത്തകരിലൊരാളാണ് ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ടിസ്റ്റായും അഭിനേത്രിയായും അവതാരകയായുമൊക്കെ ഈ താരത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട് ഇവര്‍. കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാറുമുണ്ട്. അടുത്തിടെയായിരുന്നു താരം തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തത്. നീണ്ട മുടിയും പ്രസന്നതയാര്‍ന്ന മുഖവുമാണ് ഈ അഭിനേത്രിയുടെ മുഖ്യസവിശേഷത. മുടി മുറിച്ചതുമായി ബന്ധപ്പെട്ട ചില്ലറ പഴികളായിരുന്നില്ല താരത്തിന് കേള്‍ക്കേണ്ടി വന്നത്. ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനായി പോയ ഭാഗ്യലക്ഷ്മി തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടത് മുടിയല്ലെന്നും കീമോ കഴിഞ്ഞവരൊന്നും മുടിയെക്കുറിച്ചല്ല ആലോചിക്കുന്നതെന്നുമൊക്കെ വ്യക്തമാക്കിയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. മേക്കോവര്‍ നടത്തിയതിന് പബ്ലിസിറ്റി കിട്ടുന്നതിന് വേണ്ടിയാണ് ഭാഗ്യലക്ഷ്മി ഇത്തരത്തിലൊരു കാര്യം ചെയ്തതെന്നായിരുന്നു പ്രധാന വിമര്‍ശനം. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കി അവര്‍ രംഗത്തെത്തിയിരുന്നു. മുടി മുറിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി ഭാഗ്യലക്ഷ്മി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

മുടി ഇത്രയും വലിയ വിഷയമാണോ?
താന്‍ മുടി മുറിച്ച കാര്യം ഇത്രയും വലിയ വിഷയമാണോയെന്നാണ് താന്‍ ആലോചിക്കുന്നത്. ഇത്രയധികം ചര്‍ച്ച ചെയ്യാനും മാത്രമുള്ള കാര്യമാണോ ഇതെന്നായിരുന്നു താരം തുടക്കത്തില്‍ പറഞ്ഞത്. മേക്കോവറായിരുന്നില്ല താന്‍ ഉദ്ദേശിച്ചത്. അവിടയെത്തിയപ്പോഴാണ് മുടി മുറിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇത്തരത്തിലുള്ള വിഷയങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും അവര്‍ പറയുന്നു. ഇതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് വിളിച്ച് പറഞ്ഞാലും താന്‍ കരയില്ലെന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടും ഉയിര്‍ത്തെണീക്കുമെന്നും അവര്‍ പറയുന്നു.

മക്കള്‍ക്കയച്ച വീഡിയോ
തന്റെ വീട്ടിലിരുന്ന് മക്കളുമായി സംവദിക്കുന്നതിന്റെ വീഡിയോയിരുന്നു മുറിച്ച് മാറ്റിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മക്കളുമായി വളരെ അടുത്ത ബന്ധമാണ് അവര്‍ സൂക്ഷിക്കുന്നത്. അവരോട് താന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്. കൂട്ടുകാരിയെപ്പോലെയാണ് അവരോട് സംവദിക്കാറുള്ളത്. ഡാ പ്പൂ, സച്ചൂ അമ്മ മുടി വെട്ടിയെടാ എന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. മക്കള്‍ക്ക് അയയ്ക്കുന്നതിനിടയില്‍ ആ വീഡിയോ മറ്റൊരു വ്യക്തിക്ക് കൂടി അയച്ചുപോയിരുന്നു.

അമ്മ വിട്ടുകള
തുടക്കത്തിലെ വാക്കുകളും പറച്ചിലുമൊക്കെ കട്ട് ചെയ്തതിന് ശേഷം മറ്റെന്തൊക്കെയോ കൂട്ടിച്ചേര്‍ത്താണ് വീഡിയോ പ്രചരിച്ചത്. വീഡിയോ മാറി അയച്ചതിനെക്കുറിച്ച് മക്കളോട് പറഞ്ഞിരുന്നു. അത് കളയമ്മാ, അവര്‍ക്കോ വിവരമില്ല, അമ്മയ്‌ക്കെന്താ, അത് ഗൗനിക്കേണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. തുടക്കത്തില്‍ തന്നെ ഈ സംഭവം ബാധിച്ചിരുന്നുവെങ്കിലും പിന്നീടാലോചിച്ചപ്പോഴാണ് പ്രതികരിക്കേണ്ടതിനെക്കുറിച്ച് മനസ്സിലാക്കിയത്.

തലകുനിക്കേണ്ടവര്‍ ആരാണ്?
നല്ല കാര്യം ചെയ്ത താനെന്തിനാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ തലകുനിക്കുന്നത്. വിരല്‍ത്തുമ്പിലെ ഒരു സ്പര്‍ശനത്തിലൂടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഈ ടച്ചിലൂടെ ഒരു ജീവിതം കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. താനെന്താണ് ചെയ്യുന്നതെന്നറിയാതെ നിരവധി പേര്‍ ഈ ലോകത്തെ നശിപ്പിക്കുന്നുണ്ട്. ഏതൊരു മെസ്സേജ്, വീഡിയോ കിട്ടുമ്പോള്‍ നമ്മള്‍ അത് ഷെയര്‍ ചെയ്താലുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വീഡിയോ കാണാം
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം.


Click it and Unblock the Notifications