ജീവിക്കണം, തോറ്റുകൊടുക്കില്ല, അങ്ങനെയൊരു വാശി അന്ന് മനസ്സിലുണ്ടായിരുന്നു! കുറിപ്പുമായി ഭാഗ്യലക്ഷ്മി!
അച്ഛൻ മരിച്ചപ്പോൾ താങ്ങാൻ ആളില്ലാതെ ഞങ്ങൾ മൂന്ന് മക്കളെയും എങ്ങനെ പോറ്റും എന്ന് ഭയന്ന് അമ്മ ആത്മഹത്യ ചെയ്യാതിരുന്നത് എന്ത് കൊണ്ടെന്ന് ഇന്നലെയാണ് ഞാൻ ആലോചിച്ചതെന്ന് പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് തുടങ്ങുന്നത്. പണ്ട് പുസ്തകം വാങ്ങാൻ കഴിവില്ലാതെ സ്കൂളിൽ പോകാതിരുന്നിട്ടുണ്ട്, ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ വിശന്ന് സ്കൂളിൽ പോകാൻ പറ്റാതിരുന്നിട്ടുണ്ട്.
അന്നൊക്കെ അമ്മ സമാധാനിപ്പിക്കും, സാരല്ല്യ ഒരു നല്ല കാലം വരും. ആരെയും ആശ്രയിക്കാത്തൊരു കാലം. ഇന്ദിര ചേച്ചി ചെറിയമ്മയുടെ കൂടെ കോയമ്പത്തൂരായിരുന്നു. പഠിക്കാൻ ബഹു മിടുക്കിയായിരുന്നു. എന്നിട്ടും ചെറിയമ്മ ചേച്ചിയെ പഠിപ്പിച്ചില്ല. നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

നോക്കി ഇരുന്നിട്ടുണ്ട്
ചെന്നൈയിൽ ഞങ്ങളെ പഠിപ്പിക്കാൻ ഒരു വലിയ മനുഷ്യൻ (എലൈറ്റ് ഹോട്ടലിന്റെ മുതലാളി കുമാരേട്ടൻ) തയാറായപ്പോൾ ക്യാൻസർ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി എന്റെ വിദ്യാഭ്യാസമാണ് മാറ്റിവെച്ചത്, ചോറും കൂട്ടാനും വെച്ച് ബസ്സിൽ കയറി 18 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ പോകുമ്പോൾ സമപ്രായക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത് നോക്കി ഇരുന്നിട്ടുണ്ട്.

സമൂഹത്തേയോ ?
ഉണ്ണിയേട്ടൻ ആൺകുട്ടിയല്ലേ അവൻ പഠിക്കട്ടെ, അമ്മ മരിച്ചപ്പോൾ വലിയമ്മയുടെ സംരക്ഷണത്തിൽ വീണ്ടും പഠനം തുടർന്നു.. എങ്കിലും വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം തുടരാൻ സാധിച്ചില്ല, ജോലി ചെയ്യാൻ തുടങ്ങി...
ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും ആ പ്രായത്തിൽ സാധിച്ചില്ല..പഠിക്കാൻ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായില്ല. ഉണ്ണിയേട്ടൻ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചു പിന്നെ നാട് വിട്ട് പോയി. ആർക്ക് നഷ്ടം? ആരെയാണ് കുറ്റം പറയേണ്ടത്? രോഗിയായ അമ്മയെയോ അതോ സംരക്ഷണം തന്ന വല്യമ്മയെയോ? സമൂഹത്തേയോ ?

പറഞ്ഞു പഠിപ്പിക്കണം
എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം..പക്ഷേ ഇന്ന് എനിക്ക് ജീവിക്കണം. അതിന് അദ്ധ്വാനിക്കണം എന്നൊരു വാശിയുണ്ടായിരുന്നു.. കുട്ടികൾ മനസിലാക്കണം അല്ലെങ്കിൽ മനസിലാക്കി കൊടുക്കണം, നീ ജീവിച്ചാലും മരിച്ചാലും അതിന്റെ ഗുണവും ദോഷവും നിനക്ക് മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കണം. ആത്മഹത്യ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.

ജീവിക്കണം എന്ന വാശി
ഇന്ന് നിന്റെ മരണത്തിൽ അനുശോചിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയകൾ അടുത്തൊരു ആത്മഹത്യ കിട്ടുമ്പോൾ അതിന് പിറകേ പോകും..അപ്പോൾ നീയെവിടെ?
ആരും താങ്ങാൻ ഉണ്ടാവില്ല എന്ന് നീ മനസിലാക്കണം..ജീവിക്കാൻ നിനക്ക് മാത്രമേ കഴിയൂ...മരിക്കാൻ എല്ലാവർക്കും സാധിക്കും.. മരിക്കാൻ നിരവധി കാരണങ്ങളുണ്ടാവും. ജീവിക്കാൻ ഒറ്റ കാരണമേയുള്ളു ജീവിക്കണം. എന്ന വാശി. (ആരുടേയും സഹതാപത്തിനല്ല ഇതെഴുതിയത്.ജീവിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണെന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications