യവനിക വീഴുമ്പോള്‍
കൊടിയേറ്റത്തില്‍ നായകനാവാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിയെ കണ്ടെത്തുന്നത് കാവാലത്തിന്റെ നാടകവേദിയിലൂടെ കഴിവ് തെളിയിച്ച നടനെന്ന നിലയിലാണ്. ഒരു അസാധാരണ അഭിനയപ്രതിഭയുടെ കൊടിയേറ്റം കൂടിയായിരുന്നു ആ ചിത്രം.
കൊടിയേറ്റത്തിലെ മന്ദബുദ്ധിയായ നായകനെ അവതരിപ്പിച്ചതിന് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശീയ അവാര്‍ഡ് ഭരത് എന്ന പേരില്‍ ഏറ്റവുമൊടുവിലായി ലഭിച്ചത് ഗോപിക്കാണ്. അതുകൊണ്ടു തന്നെ ഗസറ്റില്‍ പരസ്യം കൊടുത്ത് ഗോപി തന്റെ പേര് ഭരത് ഗോപി എന്നാക്കി പുനര്‍നാമകരണം ചെയ്തു.
അസാധാരണമായ വേഷപ്പകര്‍ച്ചയിലൂടെ കഥാപാത്രമായി മാറാനുള്ള കഴിവാണ് മലയാള സിനിമ കണ്ട നടന്‍മാരില്‍ ഗോപിക്കു മാത്രമായി ഒരു ഇരിപ്പിടം ഒഴിച്ചുനിര്‍ത്തുന്നത്. ആ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ അന്നുമിന്നും മറ്റൊരു നടനില്ല. ഒരു നടന്റെ മാനറിസങ്ങളും സംഭാഷണരീതികളും വിലങ്ങുതടിയാവാതെ ഓരോ കഥാപാത്രത്തിനും ചേരുന്ന ശരീരഭാഷ എടുത്തണിയാനുള്ള കഴിവ് ഗോപിയെ അന്നുമിന്നും അതുല്യനാക്കി മാറ്റുന്നു.
കൊടിയേറ്റം, ഓര്‍മയ്ക്കായി, പഞ്ചവടിപ്പാലം, യവനിക, സന്ധ്യ മയങ്ങും നേരം, മര്‍മരം, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, രചന തുടങ്ങിയ ചിത്രങ്ങള്‍ ഗോപി എന്ന നടന്റെ അസാമാന്യ റെയ്ഞ്ചിന് ഉദാഹരണങ്ങളാണ്. ഓരോ കഥാപാത്രത്തെയും ഒന്നിനൊന്നു വ്യത്യസ്തമാക്കാനും അതിനനുസരിച്ച് ശരീരഭാഷയില്‍ മാറ്റം വരുത്താനും ഭരത് ഗോപിയെ പോലെ കഴിയുന്ന മറ്റൊരു നടനെയും മലയാളം കണ്ടിട്ടില്ല.
കൊടിയേറ്റത്തിലെ മന്ദബുദ്ധി, ഓര്‍മയ്ക്കായിലെ ഊമയായ ചിത്രകാരന്‍, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്, യവനികയിലെ ദുഷ്ടനായ തബലിസ്റ്റ്, സന്ധ്യ മയങ്ങും നേരത്തിലെ കൊലയാളിയായ ജഡ്ജി, മര്‍മരത്തിലെ വിപ്ലവകാരി, പാളങ്ങളിലെ വിടന്‍, കള്ളന്‍ പവിത്രനിലെ മില്ലുടമ, രചനയിലെ എഴുത്തുകാരന്‍........ഓരോ കഥാപാത്രത്തിനും ഗോപി എടുത്തണിഞ്ഞ രൂപഭാവങ്ങള്‍ വ്യത്യസ്തം. അസ്വാഭാവികതയുടെ ലാഞ്ചന പോലുമില്ലാതെ കഥാപാത്രമായി മാറാനുള്ള കഴിവിലൂടെയാണ് ഗോപി ഈ സിനിമകളിലെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി മാറ്റിയത്.
സംവിധാനത്തിലും പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ഗോപി ആദ്യവും അവസാനവും ഒരു നടനായിരുന്നു. ഒരു നടന്റെ ഊര്‍ജ്വസ്വലമായ കലാജീവിതത്തിനിടയില്‍ സംവിധായകന്റെ വേഷമണിഞ്ഞ് ഉത്സവപ്പിറ്റേന്ന് പോലെ ഹൃദയസ്പര്‍ശിയായ ചിത്രമൊരുക്കാനും ഗോപിക്ക് കഴിഞ്ഞു.


Click it and Unblock the Notifications