»   »  ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തും?

ഭരത് ചന്ദ്രനായി സുരേഷ് ഗോപി വീണ്ടുമെത്തും?

Posted By:
Subscribe to Filmibeat Malayalam

ഒരുവര്‍ഷക്കാലം സിനിമയില്‍ നിന്നും വിട്ടുനിന്ന് ചാനല്‍ ഷോയുടെ അവതാരകനായ സുരേഷ് ഗോപി വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. സലാം കാശ്മീരാണ് ഏറെക്കാലത്ത് ശേഷം പ്രദര്‍ശനത്തിനെത്തുന്ന സുരേഷ് ഗോപി ചിത്രം. ഇതിന് പിന്നാലെ സുരേഷ് ഗോപി നായകനായി പലചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പലതിന്റെയും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമായ ഭരത്ചന്ദ്രന്‍ ഐപിഎസ്ആയി സുരേഷ് ഗോപി വീണ്ടുമെത്താന്‍ പോവുകയാണ്. കമ്മീഷണര്‍ എന്ന ചിത്രത്തിലാണ് ആദ്യ ഭരത് ചന്ദ്രനായി സുരേഷ് എത്തിയത്. പിന്നീട് ഭരത് ചന്ദ്രന്‍ ഐപിഎസ് എന്നചിത്രത്തിലും ദി കിങ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലും സുരേഷ് ഗോപി ഇതേ കഥാപാത്രമായി വന്നു. ഇതില്‍ അവസാനത്തെ ചിത്രം മാത്രമാണ് ആരാധകരെ അല്‍പം നിരാശപ്പെടുത്തിയത്. മറ്റു രണ്ട് ചിത്രങ്ങളും തകര്‍പ്പന്‍ വിജയങ്ങളായിരുന്നു. സുരേഷ് ഗോപിയെ സൂപ്പര്‍താരപദവിയിലേയ്ക്ക് എത്തിക്കുന്നതില്‍ ഈ രണ്ട് ചിത്രങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Suresh Gopi

രണ്‍ജി പണിക്കരാണ് ഭരത് ചന്ദ്രനെ വീണ്ടും കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. രൗദ്രത്തിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയായിരിക്കും നായകനെന്നും അതൊരു പൊലീസ് കഥയായിരിക്കുമെന്നുമാണ് സൂചന. ആന്റോ ജോസഫാണത്രേ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

രണ്‍ജി പണിക്കര്‍ ഇന്നോളം സൃഷ്ടിച്ചിട്ടുള്ള പൊലീസ് കഥാപാത്രങ്ങളില്‍ കടുകട്ടിയാണ് ഭരത് ചന്ദ്രന്‍. അതുകൊണ്ടുതന്നെ ഭരത് ചന്ദ്രന് ഇനിയും സാധ്യതകളുണ്ട്. അതുതന്നെയാവണം ഈ കഥാപാത്രത്തെയും കൊണ്ട് വീണ്ടുമെത്താന്‍ രണ്‍ജിയെ പ്രേരിപ്പിക്കുന്നതും.

അതേസമയം തന്നെ ഇത്രയും ഹിറ്റായ ഒരു കഥാപാത്രത്തെ വീണ്ടും കൊണ്ടുവരുകയെന്നത് വലിയ റിസ്‌കുള്ള ഏര്‍പ്പാടുമാണ്. പഴയ രണ്ട് ചിത്രങ്ങളേക്കാളും മികച്ച വിഷയം തന്നെ വേണ്ടിവരും ഭരത്ചന്ദ്രനെക്കൊണ്ട് കൈകാര്യം ചെയ്യിക്കാന്‍. അല്ലെങ്കില്‍ കിങ് ആന്റ് കമ്മീഷണര്‍ പോലെ ചിത്രം മറ്റൊരു പാളിച്ചയായി മാറാനുള്ള സാധ്യത ഏറെയാണ്.

English summary
Bharath Chandra IPS, the super hit character of Suresh Gopi's career may be back. According to reports director Ranji Panicker is planning to be back with the same character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam