'തകരുമ്പോഴാണ് വെളിച്ചം വരുന്നത്', അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ ഒളിമങ്ങാതെ ഭാവന; ചിത്രം പകർത്തി മഞ്ജു!
തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെ വേഗം ആരാധകരെ നേടിയ നടിയാണ് ഭാവന. കന്നടയുടെ മരുമകളായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും താരം ഇടയ്ക്കിടെ കേരളത്തിലേക്ക് എത്താറുണ്ട്. സഹനടിയായി സിനിമയിലേക്ക് വന്ന ഭാവന സ്വപ്രയത്നത്തിലൂടെയാണ് തെന്നിന്ത്യയിലെ മുൻനിര നായികയായി മാറിയത്. സംവിധായകൻ കമൽ മലയാളത്തിന് സമ്മാനിച്ച പ്രതിഭ കൂടിയാണ് ഭാവന. നമ്മളിന് ശേഷവും ചെറിയ കഥാപാത്രങ്ങളാണ് പിന്നേയും ഭാവനയെ തേടി എത്തിയിരുന്നത്. സിഐഡി മൂസ ജോണി ആന്റണി സിനിമയിലൂടെയാണ് ഭാവന ആദ്യമായി നായികയായത്. ചിത്രത്തിൽ ദിലീപായിരുന്നു നായകൻ.
ഇന്നും മലയാളത്തിലെ ബെസ്റ്റ് കോമഡി സിനിമകളുടെ വിഭാഗത്തിൽ ഒന്നാമതാണ് സിഐഡി മൂസ. ഇപ്പോൾ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാവന. ഏറ്റവും അവസാനം ഭാവന അഭിനയിച്ച് റിലീസ് ചെയ്ത മലയാളം സിനിമ ആദം ജോൺ എന്ന പൃഥ്വിരാജ് സിനിമയായിരുന്നു. ചിത്രത്തിൽ നിർണായ റോളിലാണ് ഭാവന എത്തിയത്. ഇപ്പോൾ കന്നട സിനിമാ മേഖലയിലാണ് ഭാവന തിളങ്ങുന്നത്. കൂടാതെ മലയാളത്തിലെ പ്രമുഖ ടിവി പരിപാടികളിലെല്ലാം ഇടയ്ക്കിടെ അതിഥിയായും ഭാവന എത്താറുണ്ട്. മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല ഭാവന.

ഇപ്പോൾ മനോഹരമായ ക്യാപ്ഷനുമായി ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ മഞ്ജു വാര്യർ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഭാവന പങ്കുവെച്ചിരിക്കുന്നത്. അമേരിക്കൻ നോവലിസ്റ്റായ ഏർണസ്റ്റ് ഹെമിംവേയുടെ വാക്കുകകളും ചിത്രത്തോടൊപ്പം ഭാവന കുറിച്ചിട്ടുണ്ട്. 'നമ്മളെല്ലാവരും മുറിവേറ്റവരാണ്. അതിലൂടെയാണ് വെളിച്ചം അകത്തേക്ക് കടന്നുവരുന്നത്..' എന്നാണ് ഭാവന കുറിച്ചത്. മലയാളത്തിലെ താര സൗഹൃദങ്ങൾക്കിടയിൽ മഞ്ജു ഭാവന കൂട്ടുകെട്ട് ശ്രദ്ധേയമാണ്. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 'നിന്റെ ജീവിതം പലരുടേയും ജീവിതത്തിന് കരുത്ത് പകരുന്നതാണ്' എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്.

ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേർ മഞ്ജു വാര്യരും സംയുക്ത വർമയുമാണ്. ഭാവനയുടെ പിറന്നാളിന് മഞ്ജു വാര്യർ ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് 'നിന്നെ ഞാൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു' എന്നാണ്. മഞ്ജുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുമ്പ് ഭാവന ഇങ്ങനെ എഴുതി 'കൂട്ടുകാരികൾ എന്നാൽ ദൈവം സമ്മാനിക്കാൻ മറന്നുപോയ കൂടപ്പിറപ്പുകൾ' കുറിച്ചു. ഭാവനയുടെ പോസ്റ്റുകൾ വളരെ വേഗത്തിലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണവും ഒരിക്കൽ ഭാവന വെളിപ്പെടുത്തിയിരുന്നു. 'മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നത് ബോധപൂർവമാണ്. തന്റെ തീരുമാനമാണ് മലയാള സിനിമകൾ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. ഇനി പേരിനും പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല. നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം' എന്നാണ് ഭാവന പറഞ്ഞത്.
Recommended Video

ഭജ്രംഗി 2 ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഭാവനയുടെ സിനിമ. എ.ഹർഷ സംവിധാനം ചെയ്‍ത ചിത്രം അടുത്തിടെയാണ് പ്രദർശനത്തിന് എത്തിയത്. എ.ഹർഷയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. വിജയമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ഭാവനയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്. സുമന്ദ് നായകനായ ഗോവിന്ദ ഗോവിന്ദയാണ് അടുത്തിടെ റിലീസിനെത്തിയ ഭാവനയുടെ മറ്റൊരു ചിത്രം. കന്നഡയിൽ ഏറെ തിരക്കുള്ള നടിയാണ് ഇന്ന് ഭാവന.


Click it and Unblock the Notifications