മമ്മൂട്ടിയുടെ ഷൈലോക്കില്‍ ബിബിന്‍ ജോര്‍ജ്ജും! വമ്പന്‍ താരനിരയുമായി മെഗാസ്റ്റാര്‍ ചിത്രം വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഷൈലോക്ക്. രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെെലോക്കിന്റെ ചിത്രീകരണത്തിന് നേരത്തെ തുടക്കമായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ തമിഴ് നടന്‍ രാജ് കിരണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നടി മീനയാണ് ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൈലോക്കില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി തന്നെയാണ് ബിബിന്‍ എത്തുന്നതെന്ന് അറിയുന്നു.
ആക്ഷന്‍ പാക്കഡ് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമ ബിബിന്‍ മോഹന്‍, അനീഷ് അഹമ്മദ് തുടങ്ങിയവരുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. പലിശക്കാരനായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നതെന്ന് അറിയുന്നു. മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഷൈലോക്കിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റുപോയിരുന്നു.
സൂര്യ ടിവിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ഷൈലോക്ക് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു.


Click it and Unblock the Notifications