ആ സീസണില്‍ ഒരു ക്രിമിനല്‍ ആക്ടീവിറ്റി ഉണ്ടായി! രേഷ്മയെ അയാള്‍ പച്ചമുളക് കൊണ്ട് ആക്രമിച്ചു; ആര്‍ജെ രഘു
മലയാളം ബിഗ് ബോസിന്റെ ആറ് സീസണുകള്‍ ഇതുവരെ നടന്നു. ഓരോ സീസണുകളിലും ശാരീരികമായി മത്സരാര്‍ഥികള്‍ തമ്മില്‍ ആക്രമിക്കുന്നത് പ്രേക്ഷകരും കണ്ടിരുന്നു. ഇതിലേറ്റവും വിവാദമായ ആദ്യത്തെ സംഭവം നടക്കുന്നത് രണ്ടാമത്തെ സീസണിലായിരുന്നു. സഹമത്സരാര്‍ഥിയും മോഡലുമായ രേഷ്മയെ ഡോ. രജിത് കുമാര്‍ ആക്രമിക്കുകയായിരുന്നു.
വീടിനകത്ത് നടന്ന ടാസ്‌കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേയ്ക്കുകയാണ് രജിത് ചെയ്തത്. ശേഷം തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഷോ യില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും രജിത് കുമാറിന് വലിയ ജനപിന്തുണ പുറത്ത് നിന്നും ലഭിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹം താന്‍ ചെയ്ത കുറ്റമെന്താണെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താനങ്ങനൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആ സീസണില്‍ മത്സരിച്ച അലക്‌സാണ്ട്രയും ആര്‍ ജെ രഘുവും. തങ്ങള്‍ മത്സരിച്ച സീസമില്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും അത് നേരില്‍ കണ്ട ആളാണ് താനെന്നും അലക്‌സാണ്ട്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.
രേഷ്മയുടെ കണ്ണില്‍ എന്തോ ഒന്ന് രജിത് തേയ്ക്കുന്നതാണ് കണ്ടത്. പിന്നാലെ കണ്ണ് എരിയുന്നെന്ന് പറഞ്ഞ് അവള്‍ കരയാന്‍ തുടങ്ങി. അപ്പോഴാണ് നിലത്ത് കിടക്കുന്ന പച്ചമുളക് താന്‍ കണ്ടതെന്നും ഇത് വ്യക്തമായി തനിക്ക് അറിയാവുന്നതാണെന്നും സാന്ദ്ര പറയുന്നു. പുറത്തിറങ്ങിയതിന് ശേഷം രേഷ്മയുടെ കേസിലെ സാക്ഷി താനാണെന്നും നടി സൂചിപ്പിച്ചു.
സാന്ദ്രയുടെ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആര്‍ജെ രഘുവും എത്തിയിരിക്കുന്നത്. അന്ന് നടന്ന സംഭവം സത്യമാണെന്നും താനും അതിന് നേര്‍സാക്ഷിയാണെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ രഘു സൂചിപ്പിച്ചത്. താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്....
'ബിഗ് ബോസ് സീസണ്‍ 2 (2020) ഞാന്‍ കൂടി മത്സരിച്ചിരുന്ന ആ സീസണില്‍ ഒരു ക്രിമിനല്‍ ആക്ടീവിറ്റി ഉണ്ടായി. സഹമത്സരാര്‍ത്ഥിയായ രേഷ്മയെ രജിത് കുമാര്‍ എന്ന ആള്‍ പച്ചമുളക് കൊണ്ട് ആക്രമിച്ചു. കണ്ണിലായിരുന്നു പരിക്ക് (അറിയാത്തവര്‍ക്കും/ മറന്നു പോയവര്‍ക്കും വേണ്ടി ആണ് എഴുതുന്നത്).

സാന്ദ്ര പറഞ്ഞതാണ് സത്യം. ഞാനും അവിടെ ഉണ്ടായിരുന്നു. അന്ന് അയാള്‍ ചെയ്ത ഈ തെറ്റിനെ പിന്‍താങ്ങി മത്സരാര്‍ത്ഥികളെയും വീട്ടുകാരെയും പച്ചക്ക് അസഭ്യം പറഞ്ഞ പല യൂട്യൂബ് റിവ്യൂ കീടങ്ങളും / അയാളുടെ ഫാന്‍സും (ചിലര്‍) ഇന്ന് പലര്‍ക്കും പ്രിയപ്പെട്ടവരുമാണ്.
അവസരത്തിനൊത്ത് മാറുന്നത് മനുഷ്യസഹജമാണ് പക്ഷെ ഈ ജാതി മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നത് ചിന്തിക്കാന്‍ പറ്റില്ല. അന്നു സംഭവിച്ചത് എന്താണെന്ന് പലപ്പോഴായി പറഞ്ഞതാണ്. ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണിത് പൊതുജനത്തിനും ഒപ്പം ഞങ്ങളില്‍ ചിലര്‍ക്കും..' എന്നാണ് രഘു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അതേ സമയം രജിത് കുമാറിന്റെ ആക്രമണത്തിന് ശേഷം ഇപ്പോഴും രേഷ്മ ബുദ്ധിമുട്ട് അനുഭവിക്കുന്നതായിട്ടാണ് സാന്ദ്ര പറയുന്നത്. ആ സീസണില്‍ മത്സരിച്ച എല്ലാവര്‍ക്കും കണ്ണിന് അസുഖം വന്നിരുന്നു. അതേറ്റവും കൂടുതല്‍ ബാധിച്ചതും രേഷ്മയെയാണ്. ഇതിന് പിന്നാലെയാണ് പച്ചമുളക് കണ്ണില്‍ തേയ്ക്കുന്നത്. ഇപ്പോഴും അതിന്റെ ചികിത്സ നടക്കുന്നുണ്ടെന്നും കണ്ണില്‍ ഡ്രോപ്‌സ് ഒഴിക്കാതെ അവള്‍ക്ക് നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications