ആണ്‍കുട്ടികളുടെ സംഘം ലൈറ്ററാണ് ആദ്യം എറിഞ്ഞത്, കാലിലൂടെ കാര്‍ കയറാതെ രക്ഷപ്പെട്ടു! ദുരനുഭവം പറഞ്ഞ് ഡിംപല്‍ ഭാൽ
ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയായ താരമാണ് ഡിംപല്‍ ഭാല്‍. നീളമുള്ള മുടിയും ഇഷ്ടമുള്ള വസ്ത്രങ്ങളും എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതവും ഡിംപലിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. ഇപ്പോഴിതാ തനിക്ക് കേരളത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.
കേരളത്തില്‍ അടുത്തിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ കൊലപാതകമടക്കമുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ഡിംപല്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ വച്ച് ആണ്‍കുട്ടികളില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ താരം സൂചിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ജനറേഷനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച നടക്കുകയാണല്ലോ. എന്നാല്‍ അവര്‍ മാത്രമല്ല പ്രശ്‌നക്കാരെന്നാണ് ഡിംപല്‍ പറയുന്നത്. ഇതുപോലെ ബുള്ളി ഗ്രൂപ്പ് എല്ലാ കാലത്തുമുണ്ട്. പിന്നെ അവരുടെയൊക്കെ മാതാപിതാക്കളും പ്രശ്‌നമാണ്. 2011 ല്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ 22 വയസോ മറ്റോ ആണ്. ഞാനും സുഹൃത്തുക്കളും കൊച്ചിയിലൊരു കോഫി ഷോപ്പില്‍ കയറിയിട്ട് ഇറങ്ങി വരികയായിരുന്നു. അപ്പോഴാണ് മൂന്നോ നാലോ ഗ്യാങ്ങായി പതിനഞ്ച് മുതല്‍ പതിനേഴ് വയസ് വരെ തോന്നിക്കുന്ന കുറച്ച് ആണ്‍കുട്ടികള്‍ കയറിപോകുന്നത്.
ഈ കുട്ടികളില്‍ ഒരാള്‍ സിഗരറ്റ് ലൈറ്റര്‍ എടുത്തിട്ട് എന്റെ സുഹൃത്തിന്റെ കാലിന് നടുവിലേക്ക് ഇട്ടു. അത് പൊട്ടി. അറിയാതെ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും വീണ്ടും ഒന്നുകൂടി എറിഞ്ഞു. ഇതോടെ എന്റെ ഫ്രണ്ട് ആ കുട്ടികളോട് പോയി നിങ്ങള്‍ അങ്ങോട്ട് മാറി നിന്ന് എറിഞ്ഞ് കളിച്ചോ, അല്ലെങ്കില്‍ നമ്മുടെ ദേഹത്ത് വീഴുമെന്ന് വളരെ മിതമായി പറഞ്ഞു.
നീ ഇവിടെ പത്ത് മിനുറ്റ് നില്‍ക്ക്, ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നായിരുന്നു അവരില്‍ നിന്നും വന്ന മറുപടി. പത്ത് മിനുറ്റ് പോലുമായില്ല, ആ ഗ്യാങ്ങിലെ കുട്ടി കൈനിറയെ ലൈറ്ററുകളുമായി വന്ന് ഞങ്ങളുടെ നേരെ എറിയാന്‍ തുടങ്ങി. ഈ സമയത്ത് തന്നെ എവിടുന്നോ ഇതേ പ്രായമുള്ള പത്ത് ഇരുപത് കുട്ടികള്‍ വരികയും ഞങ്ങളെ തല്ലാനും ആക്രമിക്കാനും നോക്കി.

പോലീസില്‍ വിളിച്ചോണ്ട് നില്‍ക്കുന്ന സമയത്ത് അവരില്‍ ഒരുത്താന്‍ കാറ് ഓടിച്ച് പോയപ്പോള്‍ എന്റെ കാലില്‍ കയറാതിരുന്നത് ഭാഗ്യത്തിനാണ്. ജസ്റ്റ് ഒരു മിസ് ആയന്നെ് പറയുന്നത് പോലെയായിരുന്നു ആ സംഭവം. പോലീസ് വന്നെങ്കിലും എഫ്‌ഐആര്‍ എടുത്തില്ല. ഷോ കാണിച്ച പിള്ളേരില്‍ ഒരാള്‍ ഏതോ പ്രമുഖ ബിസിനസുകാരനാണ്. അതുകൊണ്ട് എഫ്‌ഐആര്‍ എടുത്തില്ല.
എന്റെ മമ്മിയുടെ സഹായത്തോടെ പോലീസില്‍ വിളിപ്പിച്ചു. ഇതോടെ കേസ് എടുത്തു. അന്ന് മുതല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ കേസ് എടുക്കാതിരിക്കാന്‍ എന്നെ അറിയുന്ന ആളുകള്‍ വഴി വിളിക്കാന്‍ തുടങ്ങി. 25 ലക്ഷം തരാം, കേസില്‍ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞു. അന്നെന്റെ ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ കാണും. ബാംഗ്ലൂര്‍ പോയി പഠിക്കുകയും ജോലി എടുത്തിട്ട് വേണം ഫീസ് കൊടുക്കാന്‍. പക്ഷേ എന്നിട്ടും സെല്‍ഫ് റെസ്‌ഫെക്ട് അതിന് സമ്മതിച്ചില്ല. ഞാന്‍ ആ പൈസ വാങ്ങിയതുമില്ല, കേസില്‍ നിന്നും പിന്മാറാതെ നില്‍ക്കുകയും ചെയ്തു.
കുറേ വര്‍ഷമായെങ്കിലും എന്റെ മകന്‍ തെറ്റൊന്നും ചെയ്തില്ല, ഞാന്‍ കള്ളക്കേസില്‍ കുടുക്കി എന്നൊക്കെ പറഞ്ഞ് അതിലൊരു കുട്ടിയുടെ അമ്മ എനിക്ക് മെസേജ് അയക്കുമായിരുന്നു. ശരിക്കും കുട്ടികളോട് എനിക്ക് സഹതാപമാണ് തോന്നിയത്. ആരെ കൊന്നിട്ട് പോയാല്‍ പോലും അവര്‍ക്കൊരു വിഷയവുമില്ല. പത്ത് വര്‍ഷത്തോളം ആ കുട്ടികള്‍ക്ക് ഇന്ത്യയുടെ വെളിയില്‍ പോകാന്‍ പോലും സാധിച്ചില്ല. ആ കേസിപ്പോള്‍ തള്ളി പോയിട്ടുണ്ടാകും. കാരണം താനൊരിക്കലും കോടതിയുടെ മുന്നില്‍ പോയി നിന്നിട്ടില്ലെന്നും ഡിംപല്‍ പറയുന്നു.


Click it and Unblock the Notifications