ഫുക്രുവിന് വധഭീഷണി, അക്കൗണ്ട് ഹാക്ക് ചെയ്തു! വേദനയോടെ മനസ് തുറന്ന് ബിഗ് ബോസ് താരം ഫുക്രു
ടിക് ടോക് വീഡിയോകളിലൂടെ കേരളത്തില്‍ വലിയൊരു തരംഗമുണ്ടാക്കിയ ആളാണ് ഫുക്രു. കൃഷ്ണ ജീവ് എന്നാണ് യഥാര്‍ഥ പേരെങ്കിലും ഫുക്രു ആയിട്ടാണ് താരം അറിയപ്പെടുന്നത്. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു ഫുക്രുവിന്റെ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ അതിനെ മറികടന്ന് വലിയൊരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഫുക്രു.
ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഫുക്രുവിന്റെ കരിയര്‍ മാറി മറിയുന്നത്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പറയുകയാണ് താരം. മോശം കമന്റുകള്‍ മാത്രമല്ല തനിക്കിപ്പോള്‍ വധഭീഷണി വരെ ലഭിക്കുന്നുണ്ടെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തി ഫുക്രു പറയുന്നു.

ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല. എങ്കിലും പറയുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി. അതില്‍ നിന്നും ഞാനിടാത്ത പല കമന്റ്‌സും പോയി. ഇതിന് മുന്‍പ് ഞാന്‍ ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും കുറേ ആളുകള്‍ ഒന്നിച്ചിരുന്ന് റിപ്പോര്‍ട്ട് അയച്ച് എന്റെ അക്കൗണ്ട് കളഞ്ഞിരുന്നു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഇപ്പോള്‍ ഹാക്ക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക്ക് ചെയ്ത സമയത്ത് നിങ്ങളോട് പറയാതെ ഇരുന്നത് അവര് എന്തെങ്കിലും ചെയ്ത് കളയുമെന്ന പേടി കൊണ്ടാണ്.

എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. എന്റെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകള്‍ വരാറുണ്ട്. അതില്‍ വധഭീഷണി വരെയുണ്ട്. എല്ലാം അതിന്റെ സ്പീരിറ്റിലാണ് ഞാന്‍ എടുക്കുന്നത്. ഈയൊരു കാര്യം പറയാന്‍ വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. ആരുമെന്നെ സംശയത്തോടെ നോക്കണ്ട, ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ഫുക്രു പറയുന്നു.

ഫുക്രുവിന്റെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരങ്ങളായ ആര്യയും രഘുവുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു. ഞങ്ങളെല്ലാവരും കൂടെയുണ്ട് കുട്ടപ്പാ... എന്നായിരുന്നു ആര്യയുടെ കമന്റ്. ഒന്നും സംഭവിക്കില്ല. ഞങ്ങളെല്ലാവരും ഫുക്രുവിനൊപ്പം ഉണ്ടെന്നും ഇത്തരം കമന്റുകളൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമൊക്കെ ആരാധകര്‍ പറയുന്നു. വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണയും ഫുക്രുവിനുണ്ടെന്ന് ഈ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്.

ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ എത്തിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഫുക്രു. ആദ്യ ദിവസങ്ങളില്‍ മുതല്‍ അവസാനം വരെ വീടിനുള്ളില്‍ നിന്ന മത്സരാര്‍ഥിയും ഫുക്രുവായിരുന്നു. മറ്റുള്ളവരെല്ലാം ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയി വന്നെങ്കിലും ഫുക്രു അടക്കം മൂന്ന് പേര്‍ മാത്രമാണ് തുടര്‍ച്ചയായി വീടിനുള്ളില്‍ നിന്നിരുന്നത്. വിജയ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി ഷോ നിര്‍ത്തിയതോടെ വിന്നറാവാനുള്ള അവസരം നഷ്ടപ്പെട്ടു. എങ്കിലും 75 ദിവസം വരെ നിന്നതിന് ശേഷമായിരുന്നു ഫുക്രു തിരിച്ച് പോയത്.

ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഫുക്രുവിനുണ്ടായിരുന്നു. ഇതോടെ നോമിനേഷനില്‍ നിന്നും ഫുക്രു വോട്ടുകളുടെ പിന്‍ബലത്തില്‍ രക്ഷപ്പെടുന്നത് പതിവായിരുന്നു. ആരാധകരെ പോലെ തന്നെ ഏറ്റവുമധികം ഹേറ്റേഴ്‌സ് ഉള്ള മത്സരാര്‍ഥിയും ഫുക്രു ആയിരുന്നു എന്നതാണ് രസകരം.


Click it and Unblock the Notifications