തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജു മേനോനും !
നാടെങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ്. എവിടെയും മത്സരാര്‍ത്ഥികളുടെ വോട്ടുചോദിയ്ക്കലും പ്രസംഗങ്ങളും. മലയാളികളുടെ ഇഷ്ട കോമഡി താരമായ ഇന്നസെന്റുമുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്വതന്ത്രനായാണ് ഇന്നസെന്റ് മത്സരിയ്ക്കുന്നത്. മറ്റു ചലച്ചിത്രതാരങ്ങള്‍ ആരും മത്സരരംഗത്തില്ല.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത വരുന്നത് നടന്‍ ബിജു മേനോന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നാണ്. ബിജുവിന് വേണ്ടിയുള്ള ചുവരെഴുത്തും വോട്ടുചോദിയ്ക്കലുമെല്ലാം തകൃതിയായി നടക്കുകയാണ്. ലോക്‌സഭയിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകള്‍ക്ക് അരികിലായിത്തന്നെയാണ് വോട്ടു ചോദിച്ചുകൊണ്ടുള്ള ബിജു മേനോന്റെ ചിത്രങ്ങളും വരയ്ക്കുകയും പതിയ്ക്കുകയുമെല്ലാം ചെയ്യുന്നത്. തൊടുപുഴയിലെ സ്ഥാനാര്‍ത്ഥികളായ ഡീന്‍ കുര്യാക്കോസിന്റെയും ജോയ്‌സ് ജോര്‍ജ്ജിന്റെയും ബോര്‍ഡുകള്‍ക്കു സമീപമാണ് ബിജു മേനോനു വേണ്ടിയുള്ള ചുവരെഴുത്തും നടക്കുന്നത്.

അന്തംവിടേണ്ട, ബിജു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോന്‍ രാഷ്ട്രീയക്കാരനായി എത്തുന്നത്. കഥയില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ബിജു മേനോന്റെ കഥാപാത്രമായ സിപി മാമ്മച്ചന്‍. എല്‍പിഎഫും യുപിഎഫുമാണ് ചിത്രത്തില്‍ ഏറ്റുമുട്ടുന്ന പ്രധാന മുന്നണികള്‍. യുപിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ട്.
സിനിമയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണരംഗങ്ങള്‍ കഴിഞ്ഞദിവസം തൊടുപുഴയ്ക്കടുത്തുള്ള ചള്ളാവയലില്‍ ചിത്രീകരിച്ചു. ബിജു മേനോന്റെ കഥാപാത്രത്തിന് വേണ്ടി ചുവരെഴുത്ത് നടത്തുകയും മറ്റും ചെയ്യുന്നത് ടിനി ടോം, ശശി കലിംഗ തുടങ്ങിയവരാണ്. ഇവരെല്ലാം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസും നിക്കി ജല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











