ബിജു മേനോനൊപ്പം സംവൃത സുനിലിന്റെ തിരിച്ചുവരവ്! സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍! കാണൂ
ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ബിജു മേനോനും അലന്‍സിയറും ഉള്‍പ്പെടുന്നൊരു രംഗമാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു സിനിമയായിരിക്കുമെന്ന് സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ തനി നാട്ടിന്‍ പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. തൊണ്ടിമുതലും ദൃക്സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍, ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.
സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ബിജി ബാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications