പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര്‍! ഞെട്ടിക്കുന്ന ഗംഭീര ലുക്കില്‍ വീണ്ടും ജഗതി ശ്രീകുമാര്‍
അപകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. 2012 മാര്‍ച്ചിലായിരുന്നു കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്നത്. മാസങ്ങളോളം ആശുപത്രിയിലും പിന്നീട് വീട്ടിലുമായി ചികിത്സയിലായിരുന്നു നടന്‍.
അപകടം നടന്ന് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സിനിമയില്‍ ശക്തമാവാന്‍ ഒരുങ്ങുകയാണ് താരം. ഇന്ന് എഴുപത്തിനാലാം ജന്മദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് പുതിയ സിനിമയില്‍ നിന്നുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. മലയാളികള്‍ ഇതുവരെ കാണാത്ത ജഗതി ശ്രീകുമാറാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'ഗഗനചാരി'ക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സോമ്പി ചിത്രമാണ് 'വല'. ചിത്രത്തില്‍ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണ ആര്‍ എന്ന കഥപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. അങ്കിള്‍ ലൂണ ക്യാരക്ടര്‍ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. നടന്‍ അജു വര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്.
ജഗതി ശ്രീകുമാറിന് പുറമേ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ. ബി ഗണേഷ് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'കോമഡിയുടെ മാസ്റ്റര്‍ തിരിച്ചെത്തി ഇതിഹാസതാരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകള്‍. പ്രൊഫസര്‍ അമ്പിളി, അങ്കിള്‍ ലൂണാര്‍ ആയി വലയിലെ അദ്ദേഹത്തിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ. മറ്റൊരു തരത്തില്‍ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്''- എന്നായിരുന്നു ജഗതിയുടെ പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ട് നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് പിന്നാലെ ജഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയും പുതിയ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. 'പുതിയ വര്‍ഷം... പുതിയ തുടക്കങ്ങള്‍... ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസ്സീമമായ സ്‌നേഹം... ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല.' എന്നാണ് ജഗതിയുടെ പേജില്‍ കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications