ഇത് പ്രചോദനമല്ല മോഷണം! പ്രഭാസിന്റെ സാഹോയ്ക്കെതിരെ ഗുരുതര ആരോപണം, നടി രംഗത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രമായിരുന്നു സാഹോ. ആക്ഷൻ ത്രില്ലർ ചിത്രമായ സാഹോ ആഗസ്റ്റ് 30 നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോഴും സാഹോയെ തേടി വിവാദങ്ങൾ എത്തുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിനെതിരെ കോപ്പിയടി ആരോപണ ഉയർന്നിരുന്നു.
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാഹോ. ബോളിവുഡ് താര ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങിയ ചിത്രം മലയാളത്തിവും, തമിഴിലും പ്രദർശനത്തിനെത്തിയിരുന്നു. ഇപ്പോഴിത സാഹോയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി ലിസ റേ രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിനെതിരെ വിമർശനവുമായി നടി എത്തിയത്. ഒരു അപമാനകരമായ സംഭവം നടക്കുമ്പോൾ നാം പ്രതികരിക്കേണ്ടതുണ്ട്. അത്തരം സംവിധായർക്ക് മുന്നിൽ ഒരു കണ്ണാടി കാണിച്ച് നിങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന് പറയേണ്ടതുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രം ശൈലോയുടെ യഥാർഥ കലാസൃഷ്ടിയെ നശിപ്പിച്ചിരിക്കുന്നു. ഇതിനെ പ്രചോദനം എന്ന് വിശേഷിപ്പിക്കാനാവില്ല. പ്രകടമായ മോഷണമാണിത്.

ഇത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. നിർമ്മാതാക്കളാരും കലാസൃഷ്ടിയുടെ ഉടമയെ ബന്ധപ്പെടുകയോ അനുവാദം വാങ്ങുകയോ ചിത്രത്തിൽ ക്രെഡിറ്റ് നൽകുകയോ ചെയ്തിട്ടില്ല. ഇത് ശരിയല്ലെന്നും ലിസ കുറിച്ചു. ചിത്രത്തിലെ കോപ്പിയടിയെ കുറിച്ച് ശൈലോയും പ്രതികരിച്ചിട്ടുണ്ട്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ബംഗ്ലാദേശ് ചിത്രകാരി ശൈലോ ശിവ് സുലൈമാനാണ് തന്റെ കലാസൃഷ്ടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2014 ൽ ഇവർ ചെയ്ത ആർട്ട് വർക്കാണ് സാഹോ ടീം കോപ്പിയടിച്ചുവെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. '' നിങ്ങളുടെ കലാസൃഷ്ടി നിങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചാൽ എന്ത് ഉണ്ടാകും. എന്റെ സൃഷ്ടികളിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്. 2014 ൽ ഡെസോർട്ട് ഫെസ്റ്റിവലിൽ ശൈലോ പ്രദർശിപ്പിച്ച പൾസ് ആന്റ് ബ്ലൂ പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 68 കോടി രൂപയാണ് ആദ്യ ദിനത്തിൽ സാഹോല നേടിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ അവഞ്ചേഴ്സ്, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോഡാണ് തകർത്തിരിക്കുന്നത്. ഗംഭീര കളക്ഷനോടു കൂടിയാണ് ചിത്രത്തിന്റെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്.

മികച്ച ടീമാണ് സാഹോയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.സുജീത്ത് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രത്തിൽ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.ഗിബ്രാന്‍ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, ലാല്‍, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











