»   » ഇതില്‍ ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല; ബ്ലെസിയോട് മോഹന്‍ലാല്‍ പറഞ്ഞത്

ഇതില്‍ ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ല; ബ്ലെസിയോട് മോഹന്‍ലാല്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മുഖത്ത് ക്ലാപ്പ് അടിച്ചുകൊണ്ടാണ് ബ്ലെസി സിനിമാ ലോകത്ത് എത്തിയത്. പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടെത്തിയ തനിയ്ക്ക് ഇതിനേക്കാള്‍ വലിയ തുടക്കം കിട്ടില്ല എന്ന് ബ്ലെസി പറയുന്നു.

മോഹന്‍ലാലുമായി പങ്കുവച്ച ഏറ്റവും വലിയ സ്വപ്നം, ഇതുവരെ നടന്നില്ല; ബ്ലെസി


തന്മാത്ര എന്ന ചിത്രമാണ് ബ്ലെസി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയത്. എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് ലാല്‍ എന്ന് ബ്ലെസി പറയുന്നു. ലാലിന്റെ സൂക്ഷമതയെ കുറിച്ചുള്ള ബ്ലെസിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.


തന്മാത്രയുടെ കഥ രൂപപ്പെടുന്നത്

കാഴ്ച എന്ന ചിത്രമൊരുക്കുന്നതിന് മുന്‍പേ തന്മാത്രയുടെ ആശയം എന്റെ മനസ്സിലുണ്ടായിരുന്നു. കാഴ്ച റിലീസ് ചെയ്തതിന് ശേഷമാണ് ഞാന്‍ തന്മാത്രയുടെ കഥ ലാലേട്ടനോട് പറയാന്‍ പോകുന്നത്. പൂര്‍ണ്ണമായ ഒരു തിരക്കഥയുമായിട്ടല്ല ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ടത്. കഥാപാത്രത്തെക്കുറിച്ചും അതിലെ ചില സന്ദര്‍ഭങ്ങളെക്കുറിച്ചുമാണ് വിശദീകരിച്ചത്. അത് അദ്ദേഹത്തിനിഷ്ടമായി.


ലേലേട്ടന്റെ സംശയം

കഥയില്‍ ആകെ ഉണ്ടായിരുന്ന സംശയം ലാലേട്ടന്‍ പ്രകടിപ്പിച്ചത്, അതില്‍ രമേശന്‍ നായരും ഭാര്യയും കുട്ടികളുമായുള്ള ചില കുസൃതിത്തരങ്ങള്‍ നിറഞ്ഞ സീനുകളുണ്ട്. ഏത് വീടുകളിലും അത് നടക്കുന്നതാണ്. അതൊക്കെ അതേപടി ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു.


തിരക്കഥ ആദ്യം വായിച്ചത്

തന്മാത്രയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അത് ആദ്യം വായിച്ചത് നിര്‍മ്മാതാവും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ്. അപ്പോള്‍ അവര്‍ക്ക് സംശയം. 'ഇതില്‍ ലാലേട്ടന് ചെയ്യാന്‍ ഒന്നുമില്ലല്ലോ.' ഞാന്‍ ആകെ തകര്‍ന്നുപോയി.


ലാലേട്ടന്‍ വായിച്ചത്

നരന്റെ ലൊക്കേഷനിലാണ് ഞാന്‍ തന്മാത്രയുടെ തിരക്കഥയുമായി ലാലേട്ടനെ കാണാന്‍ പോയത്. നിര്‍മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറഞ്ഞത് ഞാന്‍ ലാലേട്ടന്റെ ശ്രദ്ധയില്‍ പെടുത്തി. ഒരു സന്ധ്യാസമയത്താണ് തിരക്കഥ വായിക്കാന്‍ തുടങ്ങിയത്. രാത്രി വളരെ വൈകിയിട്ടും പൂര്‍ത്തിയാക്കാനായില്ല. വെളുപ്പാന്‍കാലത്ത് വിളിക്കാമെന്ന് ലാലേട്ടന്‍ പറഞ്ഞു. അടുത്തദിവസം രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത് അദ്ദേഹമാണ്. വീണ്ടും വായന തുടര്‍ന്നു. രാവിലെ ഏഴുമണിയോടെ തിരക്കഥ വായിച്ചുതീര്‍ത്തു.


കഥകേട്ടപ്പോള്‍ പറഞ്ഞത്

കഥ മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. 'ഇതില്‍ നിന്ന് ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാനീ സിനിമയില്‍ അഭിനയിക്കുകയില്ല.' കഥ പറയുന്നതില്‍ തീരെ ദരിദ്രനാണ് ഞാന്‍. എന്റെ ശബ്ദവും അവതരണവും ഒന്നും അതിന് ഒട്ടും യോജിച്ചതല്ല. വളരെ ക്ഷമയോടെ കേട്ടിരുന്നെങ്കില്‍ മാത്രമേ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ കഴിയൂ. അങ്ങനെയുള്ളപ്പോഴാണ് ഒരു കഥയുടെ ചെറിയ ബീജത്തില്‍ നിന്നുപോലും വലിയ അത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ഉയര്‍ന്ന ദര്‍ശനത്തിലേക്ക് ലാലേട്ടന്‍ എത്തിച്ചേരുന്നത്.


എഴുത്തുകാരനെ അറിയുന്ന നടന്‍

എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞുകാണാന്‍ കഴിയുന്ന നടനാണ് ലാലേട്ടനെന്ന് അന്നെനിക്ക് ബോധ്യമായി. എഴുത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവബോധം ലാലേട്ടനുണ്ട്. അതുകൊണ്ടാണ് ആ സിനിമയിലദ്ദേഹം നഗ്നനായി അഭിനയിക്കാന്‍ പോലും മുന്നോട്ടുവന്നത്. സാധാരണഗതിയില്‍ ഇത്തരമൊരു സാഹചര്യം മറ്റ് നടന്മാരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഏറെ പ്രയാസമാണ്. പരന്ന വായനയും സാഹിത്യത്തിലുള്ള അഭിരുചിയും കൊണ്ടായിരിക്കാം അദ്ദേഹത്തിന് ഇതൊക്കെ വേഗത്തില്‍ സാദ്ധ്യമാകുന്നത്.


അഭിനയത്തിലെ സൂക്ഷ്മത

തന്മാത്രയുടെ അവസാനഭാഗത്ത് മകനെ കാണുമ്പോള്‍ രമേശന്‍ നായര്‍ ചോദിക്കുന്നുണ്ട് 'സാര്‍ ആരാ?' എന്ന്. മകനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിന്റെ ഒരു എക്‌സ്പ്രഷനാണ് അവിടെയുണ്ടാകുന്നത്. ഏതെങ്കിലും രീതിക്ക് ഒരഭിനേതാവ് അത് പ്രകടിപ്പിക്കുകയും ചെയ്യും. ആ എക്‌സ്പ്രഷന്‍ എന്നുപറയുന്നത് ഒരാള്‍ ചിന്തിച്ച് ചെയ്യുന്നതാണ്. എന്നാല്‍ അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആ ചിന്ത പോലും അയാള്‍ക്കില്ല. അങ്ങനെയൊരു എക്‌സ്പ്രഷനാണ് ആ കഥാപാത്രത്തില്‍നിന്നുമുണ്ടാകേണ്ടതും. അതൊരു ആക്ടറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ലാലേട്ടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണത്- ബ്ലെസി പറഞ്ഞു


English summary
Blessy about working experience with Mohanlal in Thanmathra
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam