ഹണി റോസിന്റെ പരാതി; വയനാട്ടിലെ റിസോർട്ടിൽ നിന്നും ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിലെ സ്വന്തം റിസോർട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി പൊലീസും വയനാട് പൊലീസും ചേർന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. വയനാട്ടിലെ റിസോർട്ടിലേക്ക് മാറിയെന്ന വിവര ലഭിച്ചതിന് പിന്നാലെ കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. തനിക്കെതിരെ തുടരെ അവഹേളനങ്ങൾ നടത്തിയതോടെയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്.
ആദ്യ ഘട്ടത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയിരുന്നില്ല. ബോബി ചെമ്മണ്ണൂരിന്റെ പേരും തന്റെ കുറിപ്പിൽ പരാമർശിച്ചിരുന്നില്ല. പിന്നീടാണ് തന്നെ അവഹേളിച്ചയാളുടെ പേര് പറയാനും പരാതി നൽകാനും ഹണി തീരുമാനിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഇവന്റിന് എത്തിയപ്പോൾ നടിയെ ദ്വയാർത്ഥ പ്രയോഗത്തിൽ ബോബി ചെമ്മണ്ണൂർ പരിഹസിച്ചിരുന്നു. അന്ന് തന്റെ ഇതിൽ എതിർപ്പറിയിച്ചിരുന്നു എന്നാണ് ഹണി പറയുന്നത്.

പിന്നീട് ഇയാളുടെ ക്ഷണം നിരസിച്ചതിന് പ്രതികാരമായി നിരന്തരം തന്റെ സ്ത്രീത്വത്തെ അവഹേളിച്ച് കൊണ്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചെന്ന് ഹണി റോസ് ചൂണ്ടിക്കാട്ടി. പരാതി നൽകിയതിന് പിന്നാലെ ദ്രുതഗതിയിലാണ് നടപടികളുണ്ടായത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ മോശം കമന്റിട്ട 27 ലേറെ പേർക്കെതിരയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്. ഇതിൽ അറസ്റ്റ് നടന്ന് കൊണ്ടിരിക്കുകയാണ്.
ബോബി, ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള കൂട്ടാളികൾക്കെതിരെ പരാതികൾ പുറകെ ഉണ്ടാകും. താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് ശേഷം ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.


Click it and Unblock the Notifications