ഇവിടെയൊരു ബോബി ജീവിച്ചിരുന്നു...
ഇവിടെയൊരു ബോബി ജീവിച്ചിരുന്നു...
നീണ്ടു വളഞ്ഞ മൂക്കും മെലിഞ്ഞുകുറുകിയ ശരീരവുമായി ഒരു ഹാസ്യ നടന്‍ കേരളത്തില്‍ ജീവിച്ചിരുന്നു... ശരീരത്തിന്റെ ചലനങ്ങളേക്കാളുപരി മുഖത്തു വിരിയുന്ന ഭാവവൈവിധ്യങ്ങള്‍ കൊണ്ട് തങ്ങളെ ചിരിപ്പിച്ച ബോബി കൊട്ടാരക്കരയെ ഇനി മലയാളികള്‍ ഓര്‍ക്കുക ഇങ്ങിനെ...
ചെറിയ വേഷങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ ഈ അതുല്യ നടന് അവസാന നിമിഷം വരെ ചെറിയ വേഷങ്ങളില്‍ തുടരാനായിരുന്നു വിധി. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഹാസ്യനടന്മാരുടെ ഇടയിലൊന്നും എളുപ്പത്തില്‍ കയറിച്ചെല്ലാന്‍ ഈ നടന് സാധിച്ചിരുന്നില്ല.
എഴുപതുകളില്‍ മിമിക്രിയിലൂടെയും ഹാസ്യകഥാപ്രസംഗങ്ങളിലൂടെയും സ്റേജുകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു കൊണ്ടാണ് ബോബി കൊട്ടാരക്കര എന്ന പി. അബ്ദുള്‍ അസീസ് കലാരംഗത്തെത്തുന്നത്. അക്കാലത്ത് കേരളത്തിലെ സന്ധ്യകളെ ധന്യമാക്കിയിരുന്ന നാടകക്കളരികളിലും ബോബി തന്റേതായ സ്ഥാനം ഉറപ്പിച്ചു. കഥാപ്രസംഗത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഈ കലാകാരന്‍ ഒരു ഗായകനായിരിക്കുമെന്നതില്‍ സംശയവുമില്ലല്ലോ.
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്തെത്തുന്നത്. എന്നാല്‍ ബോബിയുടെ വെളിച്ചം കണ്ട ആദ്യചിത്രം എന്ന ബഹുമതി മുച്ചീട്ടുകളിക്കാരന്റെ മകള്‍ക്കാണ്. ആരോഹണം, സിബി മലയിലിന്റെ കന്നിച്ചിത്രമായ മുത്താരംകുന്ന് പി.ഒ എന്നീ ചിത്രങ്ങളിലൂടെ ബോബി ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു.
പാലാട്ടു കുഞ്ഞിക്കണ്ണന്‍, ധന്യ, സഞ്ചാരി, ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍, കാഴ്ചയ്ക്കപ്പുറം, ഗാനമേള, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, പ്രാദേശിക വാര്‍ത്തകള്‍, സന്ദേശം, സിഐഡി ഉണ്ണിക്കൃഷ്ണന്‍, ബോയിംഗ് ബോയിംഗ്, പല്ലാവൂര്‍ ദേവാനാരായണന്‍, വാഴുന്നോര്‍, പട്ടാഭിഷേകം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളിലൂടെ കടന്ന് രാജസേനന്റെ പുതിയ ചിത്രമായ ഡാര്‍ലിംഗ് ഡാര്‍ലിംഗ് വരെയെത്തിപിന്നീടുള്ള ബോബിയുടെ സിനിമാ ജീവിതം.
2000 ഡിസംബര്‍ മൂന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുമ്പോഴും 48കാരനായ ബോബി സിനിമാരംഗത്തുണ്ടായിരുന്നു. ടി.കെ. രാജീവ്കുമാറിന്റെ വക്കാലത്ത് നാരായണന്‍കുട്ടിയില്‍ ക്യാപ്റ്റന്‍ ബോബിയുടെ പൂര്‍ണ്ണതയ്ക്കായി. നിയമപുസ്തകങ്ങള്‍ വിറ്റു നടക്കുന്ന ക്യാപ്റ്റന്‍ ബോബി എന്ന കഥാപാത്രത്തെയാണ് ബോബി ഈ ചിത്രത്തില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്.
അച്ഛനമ്മമാര്‍ മരിച്ചപ്പോള്‍ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത ബോബി വിവാഹം കഴിക്കാന്‍ പോലും മറന്നുപോയിരുന്നു. സ്വന്തം ജീവിതം മറന്നു പോയ ആ കലാകാരന്റെ ഓര്‍മ്മക്കായി ഇനിയുള്ളത് ചില ചിത്രങ്ങളിലെ തിളങ്ങുന്ന കഥാപാത്രങ്ങള്‍ മാത്രം. അതെ നെറ്റിപ്പട്ടത്തിലെ തെരുവ് കോമാളി മടന്തയായും മുത്താരം കുന്ന് പി.ഒയിലെ ചായക്കടക്കാരനായും ബോബി ഇനിയും മലയാളികളുടെ മുന്നിലെത്തും... വെള്ളിത്തിര കനിഞ്ഞു നല്‍കിയ ശരീരവുമായി.


Click it and Unblock the Notifications











