ഭാസ്‌കര്‍ ഇപ്പോഴും കോടികള്‍ വാരുന്നു, ചന്ദ്രേട്ടനും മുന്നേറുന്നു; ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്
വിഷു കഴിഞ്ഞതിന് ശേഷം മലയാള സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്. കമല്‍ ഹസന്റെ ഉത്തമ വില്ലന്റെ അടിയൊന്നും ഇവിടെയെങ്ങും ഏല്‍ക്കുന്നതേയില്ല. കുടുംബ പ്രേക്ഷകരുടെ നിറഞ്ഞ സദസില്‍ മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്.
വിഷു ദിനത്തില്‍ റിലീസ് ചെയ്ത, മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി സിദ്ദഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌കല്‍ റിലീസ് ചെയ്തിട്ട് ഇരുപത് ദിവസം പിന്നിടുന്നു. ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 13.77 കോടി രൂപ വാരിയത്രെ. ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

മെയ് ദിനത്തില്‍ റിലീസ് ചെയ്ത ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും മികച്ച തുടക്കമാണ്. ചിത്രം റിലീസ് ചെയ്തു നാല് ദിവസം ആവുമ്പോഴേക്കും കേരളത്തിലെ തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത് 1.84 കോടി രൂപയാണ്.
അതേ സമയം വര്‍ഷാരംഭത്തില്‍ മലയാള സിനിമയെ വിറപ്പിച്ച തമിഴകം അല്പം പിന്നോട്ട് പോയി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കമല്‍ ഹസന്റെ ഉത്തമ വില്ലന് കേരളത്തില്‍ വലിയ ചലനം സൃഷ്ടിക്കാനൊന്നും കഴിഞ്ഞിട്ടില്ല. 67 ലക്ഷം മാത്രമാണ് രണ്ട് ദിവസത്തെ പ്രദര്‍ശനം കൊണ്ട് ഉത്തമവില്ലന് ലഭിച്ചത്.
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും താരജോഡികളായെത്തിയ, സന്തോഷ് വിസ്വനാഥിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് തുടക്കത്തില്‍ വലിയ സ്വീകരണം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ മുകളിലേക്കുയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവയ്‌ക്കൊപ്പം നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയും പ്രദര്‍ശനം തുടരുന്നുണ്ട്.


Click it and Unblock the Notifications











