ബ്രറ്റ് ലീ ബോളിവുഡ് ചിത്രത്തിലെ നായകനാകുന്നു
മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടിയ ബ്രറ്റ് ലീ ബോളിവുഡ് സിനിമയില്‍ നായകനായെത്തുന്നു. ഓസ്‌ട്രേലിയ ഇന്ത്യ ഫിലിം ഫണ്ട് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്തോ ഓസ്‌ട്രേലിയ സംയുക്ത സംരംഭമാണ് ഓസ്‌ട്രേലിയ ഇന്ത്യ ഫിലിം ഫണ്ട്.
അണ്‍ ഇന്ത്യന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതാകവട്ടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും ചേര്‍ന്ന്. മുംബൈ ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ചായിരുന്നു ചടങ്ങ്. ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ സംവിധായകന്‍ അനുപം ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്രറ്റ് ലി യുടെ നായികയാകുന്നത് തനിഷ്ത ചാറ്റര്‍ജിയാണ്.

റൊമാന്റിക് കോമഡിയായാണ് അണ്‍ ഇന്ത്യന്‍ അണിയിച്ചൊരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ 2015ല്‍ പുറത്തിറങ്ങും. എട്ടുവയസുകാരന്റെ അമ്മയായ ഇന്ത്യന്‍ സ്ത്രീയുമായി പ്രണയത്തിലാകുന്ന ഓസ്‌ട്രേലിയന്‍ യുവാവായാണ് ബ്രറ്റ് ലീ ചിത്രത്തില്‍ വേഷമിടുന്നത്.
ഓസ്‌ട്രേലിയ ഇന്ത്യ ഫിലിം ഫണ്ടിന്റെ പ്രഥമ ചിത്രത്തില്‍ തന്നെ നായകനാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്രറ്റ് ലീ വ്യക്തമാക്കി. പ്രതിഭാധനനായ സംവിധായകനാണ് അനുപം ശര്‍മ. അദ്ദേഹത്തോടൊപ്പവും നായികയായ തനിഷ്ത ചാറ്റര്‍ജിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് കാണുന്നതെന്ന് സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്‌മെന്റില്‍ ബ്രറ്റ് ലീ അറിയിച്ചു. ആശാ ബോസ്‌ലെയ്‌ക്കൊപ്പം യൂ ആര്‍ ദി വണ്‍ ഫോര്‍ മീ എന്ന ഹിന്ദി ആല്‍ബത്തിലും ബ്രറ്റ് ലീ നേരത്തെ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











