അണ്ടിപ്പാറ നിവാസികളുടെ കഥയുമായി ഇന്‍സ്റ്റാഗ്രാമം ടീസര്‍! വെബ് സീരിസുമായി ബിടെക്ക് സംവിധായകന്‍
ബിടെക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മൃദുല്‍ നായര്‍. ബിടെക്കിന്റെ വിജയത്തിന് പിന്നാലെ പുതിയൊരു വെബ് സീരിസുമായി എത്തുകയാണ് സംവിധായകന്‍. ഇന്‍സ്റ്റാഗ്രാമം എന്ന് പേരിട്ട സീരിസിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അണ്ടിപ്പാറ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ രസകരമായ കഥയാണ് സീരിസിലൂടെ പറയുന്നത്. മോളിവുഡിലെ ശ്രദ്ധേയ താരങ്ങളെല്ലാം ഈ വെബ് സീരിസില്‍ അണിനിരക്കുന്നുണ്ട്.

ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, സുബീഷ്, സാബുമോന്‍, അലന്‍സിയര്‍, ദിനേഷ് പ്രഭാകര്‍, രാജേഷ് ശര്‍മ്മ, അംബിക റാവു, കുളപ്പുളളി ലീല, ഗായത്രി അശോക്, ജിലു ജോസഫ് തുടങ്ങിയവരാണ് വെബ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഡെയ്ന്‍ ഡേവിസ്, അദിഥി രവി, ശ്രിന്ദ, സാനിയ അയ്യപ്പന്‍ തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുന്നുണ്ട്.
സിരീസില്‍ സംവിധായകനായ മൃദുല്‍ നായര്‍ പെണ്‍വേഷത്തിലും എത്തുന്നുണ്ട്. സംവിധായകനൊപ്പം ബിഗ് ബോസ് താരം അലക്‌സാന്‍ഡ്ര ജോണ്‍സനെയും ടീസറില്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വെബ് സീരിസിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇന്‍സ്റ്റാഗ്രാമം ടീസര്‍ പങ്കുവെച്ചിരുന്നു.
സംവിധായകന്‍ ആഷിക്ക് അബുവാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസര്‍ കണ്ടാല്‍ ശരിക്കും സിനിമയെ പോലെ തന്നെയുണ്ട്. രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് സീരിസിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 2018ലായിരുന്നു മൃദുല്‍ നായരുടെ സംവിധാനത്തില്‍ ബിടെക്ക് എന്ന ചിത്രം പുറത്തിറങ്ങിയത്.
ആസിഫ് അലി നായക വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളി, സൈജു കുറുപ്പ്, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, നിരഞ്ജന അനൂപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ബിടെക്കിന് പിന്നാലെ ഘര്‍സെ എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിമും സംവിധായകന്റെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നിമിഷ സജയനും ദിനേഷ് പ്രഭാകറുമാണ് ഹ്രസ്വ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്.


Click it and Unblock the Notifications