ദിലീപിന്‍റെ ബുദ്ധേട്ടന്‍ ഓണത്തിനെത്തും
ദിലീപ് നായകനായെത്തുന്ന ഓണച്ചിത്രം ബുദ്ധേട്ടന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദും മൈഥിലിയുമാണ് നായികമാരായെത്തുന്നത്. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ കഥപറയുന്ന ചിത്രത്തില്‍ ദിലീപ് ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ വേഷത്തിലാണെത്തുന്നത്.
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്ത ഇയാള്‍ സ്വന്തം ആവശ്യത്തിനായി നയാപൈസ പോലും ചെലവഴിയ്ക്കില്ല. എന്നാല്‍ സഹോദരിമാരുടെ ഏത് ആവശ്യവും സാധിയ്ക്കാനും അവര്‍ക്ക് വേണ്ടി എത്ര പണവും മുടക്കാനും ഇയാള്‍ക്ക് മടിയില്ല.

ഇയാളുടെ ജീവിതത്തിലേയ്ക്ക് നര്‍മ്മദ എന്ന പെണ്‍കുട്ടി എത്തുന്നതോടെ ജീവിത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ബുദ്ധേട്ടന്‍ പറയുന്നത്. കീര്‍ത്തിചക്രയ്ക്ക് ശേഷം തെന്നിന്ത്യന്‍ ബാനറായ സൂപ്പര്‍ ഗുഡ്‌സ് നിര്‍മ്മിയ്ക്കുന്ന രണ്ടാമത്തെ മലയാളം ചിത്രം കൂടിയാണ് ബുദ്ധേട്ടന്‍.
വിനയ പ്രസാദ്, ഗീത വിജയന്‍, നെടുമുടി വേണു, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ചിത്രത്തിനായി ഗാനങ്ങളെഴുതിയത്. എസ്എ രാജ്കുമാര്‍ ആണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.


Click it and Unblock the Notifications











