ദീപാവലിക്ക് ദിലീപ് ന്യൂസ് എത്തിക്കുമോ?
ഏറ്റവുമൊടുവിലായി ഒരു ദിലീപ് ചിത്രം പുറത്തിറങ്ങിയത് ജൂലൈ ആദ്യവാരത്തിലാണ്. ജൂലൈ അഞ്ചിന് ജൂലൈ നാല് റിലീസ് ചെയ്തതിനു ശേഷം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു ദിലീപ് ചിത്രം പോലും തിയേറ്ററുകളിലെത്തിയില്ല.
ദീലിപിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന കല്‍ക്കത്താ ന്യൂസ് ഓണച്ചിത്രമായി റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആഗസ്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിലെത്തിയതേയുണ്ടായിരുന്നുള്ളൂ. ഒക്ടോബറില്‍ റംസാന്‍ ചിത്രമായി കല്‍ക്കത്താ ന്യൂസ് പുറത്തിറക്കുമെന്നായിരുന്നു പിന്നീട് അറിയിച്ചത്. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകാത്തതു മൂലം ചിത്രത്തിന്റെ റിലീസിഗ് നവംബറില്‍ ദീപാവലി ചിത്രമായിട്ടായിരിക്കുമെന്നായിരുന്നു അടുത്ത അറിയിപ്പ്.
നാല് മാസത്തെ ഇടവേളക്കു ശേഷം ദീപാവലിക്കെങ്കിലും ദിലീപിന് കല്‍ക്കത്താ ന്യൂസ് തിയേറ്ററുകളിലെത്തിക്കാനാവുമോ? സാധ്യത കുറവാണെന്നാണ് സംവിധായകന്‍ ബ്ലെസ്സിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ഷൂട്ടിംഗ് നീണ്ടുപോവാനാണ് സാധ്യത. ചില ഗ്രാഫിക് വര്‍ക്കുകള്‍ കൂടി ചെയ്യാനുള്ളതിനാല്‍ ചിത്രീകരണാനന്തര ജോലികള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. ഇതൊക്കെ കാരണം ദീപാവലി ദിനമായ നവംബര്‍ എട്ടിന് ചിത്രം തിയേറ്ററിലെത്തിക്കാനാവുമെന്ന് പ്രതീക്ഷയില്ലെന്ന് ബ്ലെസ്സി തന്നെ പറയുന്നു.
കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം ആരംഭിച്ചിട്ട് നൂറു ദിവസതിലേറെ ആയിക്കഴിഞ്ഞു. മറ്റൊരു ചിത്രത്തിനും നല്‍കാത്ത നീണ്ട ഡേറ്റുകളാണ് കല്‍ക്കത്താ ന്യൂസിനായി ദിലീപ് മാറ്റിവച്ചത്.


Click it and Unblock the Notifications